മൊറട്ടോറിയം വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കി മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്ര ധനമന്ത്രാലയം

October 24, 2020 |
|
News

                  മൊറട്ടോറിയം വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കി മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്ര ധനമന്ത്രാലയം

ന്യൂഡല്‍ഹി: മൊറട്ടോറിയം കാലത്തെ ബാങ്ക് വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര ധനമന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കി. മോറട്ടോറിയം പ്രഖ്യാപിച്ച മാര്‍ച്ച് 1 മുതല്‍ ഓഗസ്റ്റ് 31 വരെ ആറ് മാസക്കാലത്തെ രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ കൂട്ടുപലിശയാണ് ഒഴിവാക്കുക. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. പിഴപ്പലിശ ഒഴിവാക്കാന്‍ തീരുമാനിച്ചെങ്കില്‍ അത് നടപ്പാക്കാന്‍ എന്തിനാണ് വൈകുന്നതെന്ന് കോടതി ചോദിച്ചിരുന്നു.

മോറട്ടോറിയം കാലത്തെ ബാങ്കുവായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കുമെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. തീരുമാനം എടുത്തെങ്കില്‍ എന്തുകൊണ്ട് അത് നടപ്പാക്കുന്നില്ല എന്ന് വിമര്‍ശിച്ച സുപ്രീംകോടതി നവംബര്‍ 2 നകം ഉത്തരവിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പരാമര്‍ശം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂട്ടുപലിശ ഒഴിവാക്കിക്കൊണ്ടുള്ള മാര്‍ഗ്ഗരേഖ കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. തീരുമാനം നവംബര്‍ 5 നകം നടപ്പാക്കും. കൂട്ടുപലിശ ഈടാക്കിയ ബാങ്കുകള്‍ അത് തിരിച്ചുനല്‍കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

ഭവന വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍, വാഹന വായ്പ, ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍, എം.എസ്.എം.ഇ വായ്പകള്‍ തുടങ്ങിയവയുടെ കൂട്ടുപലിശയാണ് ഒഴിവാക്കുക. ഇതില്‍ കാര്‍ഷിക വായ്പകള്‍ ഉള്‍പ്പെടുന്നില്ല. കൂട്ടുപലിശ ഒഴിവാക്കാന്‍ സര്‍ക്കാര്‍ 6500 കോടി രൂപ ബാങ്കുകള്‍ക്ക് നല്‍കും. മോറട്ടോറിയം കാലത്തെ വായ്പകളുടെ പലിശ കൂടി ഒഴിവാക്കണമെന്ന ആവശ്യവും സുപ്രീംകോടതിക്ക് മുമ്പിലുണ്ട്. അക്കാര്യങ്ങള്‍ നവംബര്‍ 2ന് കോടതി പരിശോധിക്കും.

Related Articles

© 2025 Financial Views. All Rights Reserved