വായ്പ മൊറട്ടോറിയം ഓഗസ്റ്റ് 31 ന് അവസാനിക്കുന്നു; നീട്ടാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍

August 29, 2020 |
|
News

                  വായ്പ മൊറട്ടോറിയം ഓഗസ്റ്റ് 31 ന് അവസാനിക്കുന്നു;  നീട്ടാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍

മുംബൈ: ഓഗസ്റ്റ് 31 ന് ശേഷം വായ്പ മൊറട്ടോറിയം റിസര്‍വ് ബാങ്ക് നീട്ടാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ വ്യവസായ-വാണിജ്യ മേഖലയില്‍ തുടരുന്ന പശ്ചാത്തലത്തില്‍ മൊറട്ടോറിയം കാലാവധി നീട്ടാതിരുന്നാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

സാധാരണ ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ തടസ്സമുണ്ടായതിനെത്തുടര്‍ന്ന് സാമ്പത്തിക പ്രശ്‌നങ്ങളെ നേരിടാന്‍ ബിസിനസ്സുകളെയും വ്യക്തികളെയും സഹായിക്കുന്നതിനായി 2020 മാര്‍ച്ച് ഒന്ന് മുതല്‍ ആറുമാസത്തേക്ക് കടം തിരിച്ചടയ്ക്കുന്നതിന് റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ആറ് മാസത്തെ മൊറട്ടോറിയം കാലയളവ് ഓഗസ്റ്റ് 31 ന് അവസാനിക്കും.

പകര്‍ച്ചവ്യാധി പ്രതികൂലമായി ബാധിച്ച വായ്പക്കാര്‍ക്ക് ഇത് ഒരു താല്‍ക്കാലിക പരിഹാരം മാത്രമാണ്, ആറ് മാസത്തില്‍ കൂടുതലുള്ള മൊറട്ടോറിയം കാലയളവ് വായ്പക്കാരുടെ ക്രെഡിറ്റ് സ്വഭാവത്തെ ബാധിക്കുമെന്നും റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എച്ച്ഡിഎഫ്‌സി ലിമിറ്റഡ് ചെയര്‍മാന്‍ ദീപക് പരേഖ്, കൊട്ടക് മഹീന്ദ്ര ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ഉദയ് കൊട്ടക് എന്നിവരുള്‍പ്പെടെ നിരവധി ബാങ്കര്‍മാര്‍ മൊറട്ടോറിയം നീട്ടരുതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിനോട് ആവശ്യപ്പെട്ടിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved