ധനസ്ഥിതി മോശമായതിനെതുടര്‍ന്ന് സികെപി സഹകരണ ബാങ്ക് സര്‍ക്കാരിനെ സമീപിക്കുന്നു

May 04, 2020 |
|
News

                  ധനസ്ഥിതി മോശമായതിനെതുടര്‍ന്ന് സികെപി സഹകരണ ബാങ്ക് സര്‍ക്കാരിനെ സമീപിക്കുന്നു

മുംബൈ: ധനസ്ഥിതി മോശമായതിനെതുടര്‍ന്ന് റിസര്‍വ് ബാങ്ക് ലൈസന്‍സ് റദ്ദാക്കിയ സികെപി സഹകരണ ബാങ്ക് കൂടുതല്‍ മൂലധനത്തിനായി മഹാരാഷ്ട്ര സര്‍ക്കാരിനെ സമീപിക്കും. 240 കോടി രൂപയാണ് ബാങ്ക് ആവശ്യപ്പെടുക. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് 2014 മുതല്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലായിരുന്നു. തുടര്‍ന്ന് 1000 രൂപയാണ് നിക്ഷേപകര്‍ക്ക് പരമാവധി പിന്‍വലിക്കാന്‍ അനുമതി ലഭിച്ചത്. പ്രവര്‍ത്തനം തുടരുന്നതിന് മാനേജുമെന്റ് പദ്ധതിയൊന്നും സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് ലൈസന്‍സ് റദ്ദാക്കിയത്.

ലൈസന്‍സ് റദ്ദാക്കിയതോടെ ബാങ്കിന്റെ ലിക്വഡേഷനാണ് അടുത്ത നടപടി. നിക്ഷേപ ഇന്‍ഷുറന്‍സ് പ്രകാരം പരമാവധി അഞ്ചുലക്ഷം രൂപ വരെ നിക്ഷേപകര്‍ക്ക് ലഭിക്കും. ഇതുപ്രകാരം 99.2 ശതമാനം നിക്ഷേപകര്‍ക്കും തുക മടക്കി ലഭിക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ആകെ 1.32 ലക്ഷം അക്കൗണ്ടുകളിലായി 485 കോടിയുടെ നിക്ഷേപമാണ് ബാങ്കിനുള്ളത്. വായ്പയുടെ 97ശതമാനവും നിഷ്‌ക്രിയ ആസ്തിയായി മാറിയിരുന്നു.

മുംബൈ കേന്ദ്രീകരിച്ചുള്ള റിലയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ക്കാണ് വായ്പകളിലേറെയും നല്‍കിയിരുന്നത്. 158 കോടി രൂപ വായ്പ നല്‍കിയതില്‍ 153 കോടിയും നിഷ്‌ക്രിയ ആസ്തിയായി മാറിയിരുന്നു. നിയമപ്രകാരം ഒമ്പത് ശതമാനം കരുതല്‍ ധനശേഖരം നിലനിര്‍ത്താന്‍ ബാങ്കിന് കഴിഞ്ഞിരുന്നില്ല. നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കാന്‍ നിലവില്‍ ബാങ്കിന് കഴിവില്ലെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇത് രണ്ടാമത്തെ സഹകരണബാങ്കാണ് മുംബൈയില്‍ പ്രതിസന്ധിയിലാകുന്നത്.

Related Articles

© 2025 Financial Views. All Rights Reserved