15 മാസമായി പാചകവാതക സബ്സിഡി ലഭിക്കുന്നില്ല; നിര്‍ത്തിയോ? എന്താണ് പാചകവാതക സബ്സിഡിയുടെ ഇപ്പോഴത്തെ അവസ്ഥ?

April 19, 2021 |
|
News

                  15 മാസമായി പാചകവാതക സബ്സിഡി ലഭിക്കുന്നില്ല; നിര്‍ത്തിയോ? എന്താണ് പാചകവാതക സബ്സിഡിയുടെ ഇപ്പോഴത്തെ അവസ്ഥ?

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം പാചകവാതക സബ്സിഡി എല്ലാ ഇന്ത്യക്കാര്‍ക്കും ഉറപ്പുനല്‍കിയിരുന്ന ഒന്നാണ്.  സബ്സിഡിയില്‍ നിന്ന് ആളുകള്‍ക്ക് സ്വയം ഒഴിവാകാനുള്ള അവസരം ഒരുക്കിയതിന് പിറകെയാണ് പാചക വാതക സബ്സിഡി നേരിട്ട് നല്‍കാതെ, ബാങ്ക് അക്കൗണ്ടില്‍ പണമായി നല്‍കുന്ന സംവിധാനം തുടങ്ങിയത്. ആദ്യഘട്ടത്തില്‍ ഇത് കൃത്യമായി എല്ലാവര്‍ക്കും കിട്ടിയിരുന്നു. എന്നാല്‍ നിലവിലെ സ്ഥിതി പാചകവാതകം വാങ്ങുന്നവര്‍ക്കെല്ലാം അറിയുന്നുണ്ടാകും എന്ന് ഉറപ്പ്.

പാചക വാതക സബ്സിഡി ബാങ്ക് അക്കൗണ്ടില്‍ അവസാനമായി എത്തിയത് 2020 ജനുവരിയില്‍ ആണ്. അതിന് മുമ്പ് ചിലപ്പോഴൊക്കെ ഇത് മുടങ്ങിയിരുന്നതായി ആക്ഷേപം ഉണ്ടായിരുന്നു. എന്തായാലും കഴിഞ്ഞ 15 മാസമായി പാചക വാതക സബ്സിഡി കിട്ടിയില്ല. വില ആണെങ്കില്‍ കുത്തനെ ഉയരുകയും ചെയ്തു. പാചക വാതക സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിയോ എന്ന ആശങ്കയാണ് സാധാരണക്കാര്‍ക്കുള്ളത്. പെട്രോളിയം മന്ത്രായാലമോ പെട്രോളിയം മന്ത്രിയോ ഇത് സംബന്ധിച്ച് ഒരു കാര്യവും ഇതുവരെ പറഞ്ഞിട്ടില്ല.

ജനുവരി മുതല്‍ സബ്സിഡി മുടങ്ങി. കൊവിഡ് വ്യാപനവും തുടങ്ങി. മാര്‍ച്ച് മാസത്തില്‍ ലോക്ക് ഡൗണ്‍ കൂടി തുടങ്ങിയതോടെ പാചക വാതക സബ്സിഡിയെ കുറിച്ച് ആളുകള്‍ ചിന്തിക്കാത്ത സാഹചര്യവും ഉണ്ടായി. എന്നാല്‍ ലോക്ക് ഡൗണ്‍ തീര്‍ന്നതിന് ശേഷവും സബ്സിഡിയെ കുറിച്ച് സര്‍ക്കാര്‍ ഒന്നും പറയുന്നില്ല. പാചതകവാതക സിലിണ്ടര്‍ രണ്ട് വിധത്തിലാണ് ഉണ്ടായിരുന്നത്. സബ്സിഡി ഉള്ളതും സബ്സിഡി ഇല്ലാത്തതും. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ എല്ലാം ഒരുപോലെയാണ്. സബ്സ്ഡി ഉപേക്ഷിച്ചവരേയും, സബ്സിഡിയ്ക്ക് അര്‍ഹരല്ലാത്തവരേയും പോലെ ഉയര്‍ന്ന വില കൊടുത്താണ് സാധാരണക്കാരും പാചകവാതക സിലിണ്ടറുകള്‍ വാങ്ങുന്നത്.

സബ്സിഡികള്‍ നിര്‍ത്തലാക്കാനുള്ള നീക്കം ബിജെപി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. മണ്ണെണ്ണയ്ക്കുള്ള സബ്സിഡി ഇതിനകം തന്നെ നിര്‍ത്തലാക്കിക്കഴിഞ്ഞു. പാചകവാതക സിലിണ്ടറിനുളള സബ്സിഡിയും പതിയെ നിര്‍ത്തലാക്കിയിരിക്കുകയാണോ എന്ന സംശയവും സാധാരണ ജനങ്ങളില്‍ ഉയരുന്നുണ്ട്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് നിലവില്‍ സൗജന്യ പാചക വാതക സിലിണ്ടര്‍ നല്‍കുന്നുണ്ട്. ഉജ്വല പദ്ധതിയുടെ ഭാഗമാണിത്. ഇത് പ്രകാരം മൂന്ന് സിലിണ്ടറുകളാണ് ഒരു വര്‍ഷം സൗജന്യമായി ലഭിക്കുക. ഇതിന് ശേഷം വാങ്ങുന്ന സിലിണ്ടറുകള്‍ക്ക് സബ്സിഡിയില്ലാത്ത വില തന്നെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരും നല്‍കേണ്ട സ്ഥിതിയാണ്.

2020 - 2021 സാമ്പത്തിക വര്‍ഷത്തില്‍ 40,915 കോടി രൂപ പെട്രോളിയം സബ്സിഡിയ്ക്കായി അനുവദിച്ചിരുന്നു. എന്നാല്‍ ആ സാമ്പത്തിക വര്‍ഷം തന്നെയാണ് സബ്സിഡി മുടങ്ങിയത്. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ 12,995 കോടി രൂപയാണ് പെട്രോളിയം സബ്സിഡിയ്ക്കായുള്ള ബജറ്റ് വിഹിതം. ഇത് തന്നെ സംശയം ജനിപ്പിക്കുന്ന ഒന്നാണ്. കേന്ദ്ര സര്‍ക്കാര്‍ പാചകവാതക സബ്സിഡി നിര്‍ത്തലാക്കിയിട്ടില്ലെന്നാണ് ബിജെപി നേതാക്കളെല്ലാം പറയുന്നത്. എന്നാല്‍ എന്തുകൊണ്ട് ഇപ്പോള്‍ഡ സബ്സിഡി കിട്ടുന്നില്ല എന്നതിന് അവര്‍ക്ക് ഉത്തരമില്ല. കൊവിഡ് പ്രതിസന്ധി തീര്‍ന്നാല്‍ സബ്സിഡി തിരിച്ചെത്തുമോ എന്ന കാത്തിരിപ്പിലാണ് ജനം.

Related Articles

© 2025 Financial Views. All Rights Reserved