
ഇന്ത്യയില്‍ നിന്നുള്ള സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി 7000 കോടി രൂപയില്‍ നിന്ന് 10000 കോടി രൂപയായി ഉയര്‍ത്താനുള്ള ശ്രമത്തില്‍ ലുലു ഗ്രൂപ്പ്. നിലവില്‍ 11 കേന്ദ്രങ്ങളില്‍ നിന്നായിട്ടാണ് പ്രതിവര്‍ഷം 7,000 കോടി രൂപയുടെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത്. ഇത് 10,000 കോടി രൂപയുടേതായി ഉയര്‍ത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പറഞ്ഞു. ഈ വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ കയറ്റുമതിക്കാരാണ് ലുലു.
ഉന്നത നിലവാരമുള്ളതും രാസവളമുക്തവുമായ പഴം, പച്ചക്കറികള്‍ക്ക് ഗള്‍ഫില്‍ വന്‍ ഡിമാന്‍ഡാണെന്ന് അബുദാബി ചേമ്പര്‍ വൈസ് ചെയര്‍മാന്‍ കൂടിയായ യൂസഫലി പറഞ്ഞു. ഇന്ത്യയിലെ ഭക്ഷ്യോത്പാദകര്‍, കയറ്റുമതിക്കാര്‍ എന്നിവരുടെ ഉന്നതതല സംഘത്തെ യു.എ.ഇ.യിലെ വളര്‍ച്ചാ സാദ്ധ്യതകള്‍ പരിചയപ്പെടുത്താനുള്ള നടപടി എടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഭക്ഷ്യസംസ്‌കരണ കേന്ദ്രത്തിന് സംസ്ഥാനം സ്ഥലം അനുവദിച്ചിട്ടുണ്ട്. ഇവിടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഗുജറാത്തിലും ഭക്ഷ്യസംസ്‌കരണ കേന്ദ്രവും ഹൈപ്പര്‍മാര്‍ക്കറ്റും തുറക്കും. എറണാകുളം കളമശ്ശേരിയിലെ ഫുഡ്പാര്‍ക്ക്, കശ്മീരിലെ ലോജിസ്റ്റിക്‌സ് കേന്ദ്രം എന്നിവയുടെ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണെന്ന് യൂസഫലി പറഞ്ഞു.