
കൊച്ചി: ലുലു ഗ്രൂപ്പ് 150 കോടി രൂപ ചെലവിട്ട് ആലപ്പുഴ ജില്ലയിലെ അരൂരില്‍ സമുദ്രോല്‍പന്ന സംസ്‌കരണ കേന്ദ്രം സ്ഥാപിക്കുന്നു. ഉല്‍പാദനത്തിന്റെ 100 ശതമാനവും കയറ്റുമതി ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സംസ്‌കരണകേന്ദ്രം സജ്ജമാക്കുന്നത്. ഏപ്രില്‍ അവസാനത്തോടെ കേന്ദ്രം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും.
സമുദ്ര വിഭവങ്ങളില്‍നിന്നു മൂല്യവര്‍ധിത ഉല്‍പന്നങ്ങളുണ്ടാക്കിയും കയറ്റുമതി ചെയ്യും. ഇതിനു പ്രത്യേക യൂണിറ്റ് സജ്ജമാക്കുന്നുണ്ട്. സംസ്‌കരണ കേന്ദ്രത്തിനുള്ള യന്ത്രസാമഗ്രികള്‍ ഡെന്‍മാര്‍ക്കില്‍നിന്ന് ഇറക്കുമതിചെയ്തു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ നേരിട്ടും അല്ലാതെയുമായി 450 പേര്‍ക്കാണു തൊഴില്‍ ലഭിക്കുക.
മാസം 2000 ടണ്‍ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേതിനു പുറമേ ഈജിപ്ത്, ഇന്തൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തന്നെയായിരിക്കും ഉല്‍പന്നങ്ങളുടെ പ്രധാന വിപണി. യുഎസ്, യൂറോപ്പ്, ജപ്പാന്‍, ചൈന, കൊറിയ എന്നിവിടങ്ങളിലെ വിപണികളും ലക്ഷ്യമിടുന്നുണ്ട്.