
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി എം രാജേശ്വര റാവുവിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ റിസര്‍വ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആണ് രാജേശ്വര റാവു. ഡെപ്യൂട്ടി ഗവര്‍ണര്‍ ആയിരുന്ന എന്‍ എസ് വിശ്വനാഥന്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് നിയമനം.
1984 മുതല്‍ റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ട് വിവിധ പദവികള്‍ വഹിച്ചിരുന്നു അദ്ദേഹം. 2016 ല്‍ സെന്‍ട്രല്‍ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു. നിലവില്‍ സെന്‍ട്രല്‍ ബാങ്കിലെ ആഭ്യന്തര കടം മാനേജുമെന്റ്, ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങള്‍, അന്താരാഷ്ട്ര, സെക്രട്ടേറിയല്‍ വകുപ്പുകളുടെ ചുമതല എന്നിവ അദ്ദേഹം വഹിക്കുന്നു. ഈ സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ചീഫ് ജനറല്‍ മാനേജരായിരുന്നു രാജേശ്വര റാവു. മുമ്പ് റിസ്‌ക് മോണിറ്ററിംഗ് വിഭാഗത്തിന്റെ ചുമതലയും വഹിച്ചിരുന്നു.
1977 -80 കാലയളവില്‍ എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി ആയിരുന്ന രാജേശ്വര റാവു കൊച്ചി സര്‍വകലാശാലയില്‍ നിന്നാണ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയത്.