
പുതിയ കാര്‍ വാങ്ങാനുദേശിക്കുന്നവര്‍ക്കു സുവര്‍ണാവസരം. പുതിയ കാറുകള്‍ വാങ്ങുമ്പോള്‍ ഇനി മുതല്‍ അഞ്ചു വര്‍ഷത്തേയ്ക്ക് ബംപര്‍ ടു ബംപര്‍ ഇന്‍ഷുറന്‍സ് എടുക്കേണ്ടതില്ലെന്നു മദ്രാസ് ഹൈക്കോടതി വിധിച്ചു. ഇന്‍ഷുറന്‍സ് കമ്പനികള്‍, വാഹന കമ്പനികള്‍, ഇന്‍ഷുറന്‍സ് എജന്റുമാരുടെ അസോസിയേഷന്‍ എന്നിവരുടെ ഭാഗങ്ങള്‍ കേട്ട ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്. ഇതോടെ പുതിയ വാഹനങ്ങളുടെ വിലയില്‍ വലിയ കുറവുണ്ടാകും. വിവിധ മോഡലുകളുടെ വിലയില്‍ 50,000 മുതല്‍ രണ്ടു ലക്ഷം രൂപയുടെ കുറവുണ്ടാകുമെന്നാണു വിലയിരുത്തല്‍. സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ കാറുകള്‍ക്ക് ബംപര്‍ ടു ബംപര്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്നു രണ്ടാഴ്ചമുമ്പ് മദ്രാസ് ഹൈക്കോടതി തന്നെ വിധിച്ചിരുന്നു. ഈ വിധിയാണ് കോടതി തിരുത്തിയത്.
പുതിയ വാഹനങ്ങള്‍ക്കു അഞ്ചു വര്‍ഷത്തെ ഇന്‍ഷുറന്‍സ് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. കാറുകള്‍ക്ക് ബംപര്‍ ടു ബംപര്‍ ഇന്‍ഷുറന്‍സ് ആണ് മിക്ക കമ്പനികളും നല്‍കിയിരുന്നത്. ഇതു വാഹനവില കുതിക്കാന്‍ വഴിവച്ചിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമായിരുന്നു ഉടമകള്‍ക്ക് ഇന്‍ഷുറന്‍സില്‍ മാറ്റം വരുത്താന്‍ സാധിച്ചിരുന്നത്. മദ്രാസ് കോടതിയുടെ പുതിയ ഉത്തരവ് വന്നെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ലമെന്റാണ്. അഞ്ചുവര്‍ഷത്തെ ഇന്‍ഷുറന്‍സ് നിബന്ധന പിന്‍വലിക്കണമെന്ന് ഇതോടകം ആവശ്യം ശക്തമായിട്ടുണ്ട്. വാഹനങ്ങളുടെ വില കുതിക്കുന്നതിനു ഈ നിബന്ധന കാരണമായിരുന്നു. കൂടാതെ ഉപയോക്താക്കള്‍ക്കു ഇന്‍ഷുറന്‍സ് ദാതാക്കളെ ആവശ്യമെങ്കില്‍ മാറ്റനുള്ള അവസരം കൂടി പുതിയ നിബന്ധനയോടെ നഷ്ടമായിരുന്നു. നോ ക്ലെയിം ബോണസും അഞ്ചു വര്‍ഷത്തെ ഇന്‍ഷുറന്‍സോടെ അപ്രസക്തമായി.
ബംപര്‍ ടു ബംപര്‍ ഇന്‍ഷുറന്‍സ് നിബന്ധന വാഹന വില്‍പ്പനയേയും പ്രതികൂലമായി ബാധിച്ചിരുന്നു. അസംസ്‌കൃത വസ്തുക്കളുടേയും ചിപ്പുകളുടേയും ക്ഷാമത്തെ തുടര്‍ന്നു രാജ്യത്തെ ഒട്ടുമിക്ക വാഹനക്കമ്പനികളും വിവിധ മോഡലുകളുടെ വിലയില്‍ വന്‍ വര്‍ധനയാണ് അടുത്തകാലത്ത് വരുത്തിയത്. വില ഇനിയും ഉയരുമെന്നാണു അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതിനിടെ ഇന്‍ഷുറന്‍സ് നിരക്കുകള്‍ കുറയുന്നതു വാഹന വില്‍പ്പനയെ വീണ്ടും ഉണര്‍ത്തുമെന്നാണു വിലയിരുത്തല്‍. രാജത്തെ ഇന്ധനവില ദിനംപ്രതി കുതിക്കുന്നതും ഇന്ധനവാഹനങ്ങള്‍ക്കു തിരിച്ചടിയാണ്. കോടതി വിധി വാഹന- ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരി വിലയേയും സ്വാധീനിച്ചിട്ടുണ്ട്.