
നടപ്പു സാമ്പത്തികവര്‍ഷം മൂന്നാം പാദം രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്രയ്ക്ക് നേരിയ ക്ഷീണം. ദക്ഷിണ കൊറിയന്‍ കമ്പനിയായ സാങ്യോങ് മോട്ടോറിന്റെ തകര്‍ച്ച മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ സാമ്പത്തിക കണക്കുകളില്‍ പ്രതിഫലിച്ചു. പാപ്പരായ സാങ്യോങ്ങിലുള്ള ഓഹരി പങ്കാളിത്തം വില്‍ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ മഹീന്ദ്ര. സാങ്യോങ്ങുമായി ബന്ധപ്പെട്ട് 1,210 കോടി രൂപയുടെ ഒറ്റത്തവണ നഷ്ടമാണ് കമ്പനി നേരിടുന്നത്. എന്തായാലും ഡിസംബര്‍ പാദത്തില്‍ 1,268 കോടി രൂപയുടെ അറ്റാദായം കണ്ടെത്താന്‍ മഹീന്ദ്രയ്ക്ക് സാധിച്ചു. കൃത്യം ഒരുവര്‍ഷം മുന്‍പ് 891.5 കോടി രൂപയായിരുന്നു മഹീന്ദ്ര കുറിച്ച അറ്റാദായം.
ഇത്തവണ വരുമാനം 11 ശതമാനം വര്‍ധിച്ച് 21,625.95 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തികവര്‍ഷം മൂന്നാം ഇത് 19,430 കോടി രൂപയായിരുന്നു. ആഭ്യന്തര വിപണിയില്‍ കഴിഞ്ഞ ത്രൈമാസപാദം 1.15 ലക്ഷം വാഹനങ്ങളാണ് മഹീന്ദ്ര വിറ്റത്. 7 ശതമാനം വില്‍പ്പനയിടിവ് കമ്പനി നേരിടുന്നുണ്ട്. കാരണം 2019 ഡിസംബര്‍ പാദത്തില്‍ 1.23 ലക്ഷം യൂണിറ്റുകള്‍ വിപണിയിലെത്തിക്കാന്‍ മഹീന്ദ്രയ്ക്ക് കഴിഞ്ഞിരുന്നു. ഇതേസമയം, കമ്പനിയുടെ ട്രാക്ടര്‍ വില്‍പ്പന 20 ശതമാനം ഉയര്‍ന്ന് 97,420 യൂണിറ്റുകള്‍ തൊട്ടു.
പ്രവര്‍ത്തന മികവ് വിലയിരുത്തിയാല്‍ 3,520.4 കോടി രൂപയാണ് നികുതിക്ക് മുന്‍പുള്ള വരുമാനമായി (ഇബിറ്റ്ഡ) മഹീന്ദ്ര കുറിച്ചത്. വര്‍ഷികാടിസ്ഥാനത്തിലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 1 ശതമാനം ഇടിവ് ഈ വിഭാഗത്തില്‍ മഹീന്ദ്ര അഭിമുഖീകരിക്കുന്നു. മാര്‍ജിന്‍ 18.4 ശതമാനത്തില്‍ നിന്നും 16.3 ശതമാനമായി ചുരുങ്ങി. രാജ്യത്തെ പ്രാദേശിക മേഖലയില്‍ ഡിമാന്‍ഡ് ഉണര്‍ന്നതാണ് ട്രാക്ടര്‍ ബിസിനസ് വളരാന്‍ കാരണമെന്ന് മഹീന്ദ്ര ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു. മികച്ച മണ്‍സൂണ്‍ കാലത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക സമ്പദ്വ്യവസ്ഥ ഉണര്‍ന്നതും കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചതും ട്രാക്ടര്‍ ബിസിനസിനെ തുണച്ചതായി കമ്പനി വ്യക്തമാക്കി.
സാമ്പത്തിക ഫലം വന്നതിന് പിന്നാലെ വെള്ളിയാഴ്ച്ച മഹീന്ദ്ര ഓഹരികള്‍ 2 ശതമാനം നേട്ടം സെന്‍സെക്സ് സൂചികയില്‍ കയ്യടക്കിയിരുന്നു. ഈ സമയം മഹീന്ദ്രയുടെ ഓഹരി വില 884 രൂപയിലെത്തി. ഇതേസമയം, വെള്ളിയാഴ്ച്ച വ്യാപാരം നിര്‍ത്തുമ്പോള്‍ 0.10 ശതമാനം നഷ്ടം മഹീന്ദ്രയെ തേടിയെത്തി. സെന്‍സെക്സ് സൂചികയില്‍ 865.60 രൂപയാണ് നിലവില്‍ മഹീന്ദ്ര ഓഹരിക്ക് വില.