മികച്ച നേട്ടം കൊയ്ത് മഹീന്ദ്ര എക്സ്യുവി; 14 ദിവസത്തിനകം 65,000 ബുക്കിംഗുകള്‍

October 21, 2021 |
|
News

                  മികച്ച നേട്ടം കൊയ്ത് മഹീന്ദ്ര എക്സ്യുവി; 14 ദിവസത്തിനകം 65,000 ബുക്കിംഗുകള്‍

ബുക്കിംഗ് ആരംഭിച്ച് 14 ദിവസത്തിനകം 65,000 ബുക്കിംഗുകള്‍ സ്വന്തമാക്കി മഹീന്ദ്ര എക്സ്യുവി 700. ഒരു മണിക്കൂറിനിടെ 25,000 ബുക്കിംഗുകള്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ എസ്യുവി നിര്‍മാതാക്കളിലൊന്നായ മഹീന്ദ്ര ഈ നേട്ടം കൈവരിച്ചത്. അടുത്തിടെയാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് തങ്ങളുടെ പുതിയ മോഡലായ എക്യുവി 700 എസ്യുവിയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 5 അല്ലെങ്കില്‍ 7 സീറ്റര്‍ എസ്യുവി തിരയുന്നവര്‍ക്കിടയില്‍ വളരെയധികം പ്രചോദനം സൃഷ്ടിച്ച മോഡലാണിത്.

ഇന്ത്യയില്‍ 10 ലക്ഷത്തിന് മുകളില്‍ കാറുകള്‍ വില്‍ക്കുന്ന ഏതൊരു വാഹന നിര്‍മാതാവും സ്വന്തമാക്കാത്ത റെക്കോര്‍ഡാണ് മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ എക്സ്യുവി 700 നേടിയത്. 12.49 ലക്ഷം രൂപയിലാണ് (എക്സ്-ഷോറൂം) ഈ മോഡലിന്റെ വില ആരംഭിക്കുന്നത്. അതേസമയം ഈ മോഡലിന്റെ വിതരണം ഉടന്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

പെട്രോള്‍ വേരിയന്റുകളുടെ ഡെലിവറികള്‍ ഒക്ടോബര്‍ 30 മുതല്‍ ആരംഭിക്കുമെന്നും ഡീസല്‍ വേരിയന്റ് ഡെലിവറികള്‍ നവംബര്‍ അവസാന വാരം മുതല്‍ ആരംഭിക്കുമെന്നും മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്. ഡെലിവറി ടൈംലൈനുകള്‍ ഒക്ടോബര്‍ 27 മുതല്‍ മഹീന്ദ്ര ഉപഭോക്താക്കളെ അറിയിക്കും. അതേസമയം, ഇന്ത്യന്‍ വാഹന വിപണിയില്‍ ഇരുചക്ര വാഹനങ്ങള്‍ അടക്കമുള്ള ചെറിയ വാഹനങ്ങളോടുള്ള താല്‍പ്പര്യം കുറഞ്ഞുവരികയാണ്. കൂടുതല്‍ പേരും എസ്യുവി ഉള്‍പ്പെടെയുള്ള കാറുകളാണ് തെരഞ്ഞെടുക്കുന്നത്. ഇത് അവസരമാക്കി മിഡ്, മൈക്രോ എസ്യുവികള്‍ കൂടുതലായി പുറത്തിറക്കാനാണ് വാഹന നിര്‍മാതാക്കളും ലക്ഷ്യമിടുന്നത്.

Related Articles

© 2025 Financial Views. All Rights Reserved