
മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് ജൂണ്‍ 30ന് അവസാനിച്ച 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ത്രൈമാസത്തില്‍ 35.27% ശതമാനത്തിന്റെ വര്‍ധനവോടെ 268.91 കോടി രൂപയുടെ സംയോജിത അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസത്തില്‍ 198.79 കോടി രൂപയായിരുന്നു അറ്റാദായം. അതേസമയം, മാതൃകമ്പനിയുടെ മാത്രം അറ്റാദായം 219.53 കോടിയാണ്. ഈ ത്രൈമാസത്തില്‍ ഗ്രൂപ്പിന്റെ സംയോജിത പ്രവര്‍ത്തന വരുമാനം 25.50 ശതമാനം ഉയര്‍ന്ന് 1174.48 കോടിയായി. കഴിഞ്ഞ വര്‍ഷം ഇത് 935.82 കോടിയായിരുന്നു. മണപ്പുറം ഗ്രൂപ്പിന്റെ ആകെ ആസ്തിയില്‍ 21.47 ശതമാനത്തിന്റെ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യ ക്വാര്‍ട്ടറില്‍ ആകെ ആസ്തി 16,617.78 കോടിയായിരുന്നെങ്കില്‍ ഈ വര്‍ഷം 20,185.94 കോടി രൂപയായി ഉയര്‍ന്നു.
രണ്ട് രൂപ മുഖവിലയ്ക്കുള്ള ഓഹരികളില്‍ 0.55 രൂപ ഇടക്കാല ലാഭവിഹിതമായി ഓഹരി ഉടമകള്‍ക്കു നല്‍കാന്‍ ഇന്നലെ തൃശൂര്‍ വലപ്പാട് ചേര്‍ന്ന കമ്പനിയുടെ ഡയറകടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. സ്വര്‍ണവായ്പ ഇനത്തിലും ഗ്രൂപ്പ് വന്‍വളര്‍ച്ചയാണ് കരസ്ഥമാക്കിയത്. ഗ്രൂപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ സ്വര്‍ണവായ്പ ആസ്തി 6.65 ശതമാനം വളര്‍ച്ച നേടി 13,292.41 കോടി രൂപയിലെത്തി, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസത്തില്‍ 12,463.60 കോടിയായിരുന്നു. സ്വര്‍ണവായ്പയില്‍ 1.45 ലക്ഷം പുതിയ ഉപഭോക്താക്കളെ ചേര്‍ത്ത് ഈ ത്രൈമാസത്തില്‍ ആകെ നല്‍കിയ സ്വര്‍ണവായ്പ 26,396 കോടിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. 2019 ജൂണ്‍ 30ലെ കണക്കു പ്രകാരം 24.62 ലക്ഷം പേരാണു കമ്പനിയില്‍ സജീവമായി സ്വര്‍ണവായ്പ ഇടപാടുകാരായിട്ടുളളത്.
അതേസമയം ഗ്രൂപ്പിന്റെ കീഴിലുള്ള ചെറുകിട ഫിനാന്‍സ് സ്ഥാപനമായ ആശിര്‍വാദ് മൈക്രോഫിനാന്‍സിന് ഈ ത്രൈമാസത്തില്‍ ആകെ ബിസിനസ് 72.21 ശതമാനത്തിന്റെ വര്‍ധനവോടെ 4,198.30 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷമിത് 2,437.94 കോടിയായിരുന്നു. 22 സംസ്ഥാനങ്ങളില്‍ 961 ശാഖകളിലായി 18.93 ലക്ഷം ഉപഭോക്താക്കളുള്ള ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ഇന്ന് ഇന്ത്യയിലെ അഞ്ചാമത് വലിയ എന്‍.ബി.എഫ്.സി- എം.എഫ്.ഐ ആണ്.
ഗ്രൂപ്പിന്റെ മറ്റു വായ്പ സ്ഥാപനങ്ങളായ മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ ആസ്തി 406.51 കോടിയില്‍ നിന്ന് 541.66 കോടി രൂപായായി. വാഹന വായ്പ സ്ഥാപനത്തിന്റേത് 717.73 കോടിയില്‍ നിന്നു 1,227.08 കോടിയിലേക്ക് കുത്തനെ ഉയര്‍ന്നു. ഗ്രൂപ്പിന്റെ സംയോജിത ആകെ ആസ്തിയില്‍ സ്വര്‍ണ ഇതര വായ്പ സംഭാവന 34 ശതമാനമാണ്. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസത്തില്‍ കമ്പനിയുടെ പ്രകടനം പ്രശംസനീയമാണെന്നും ഈ സാമ്പത്തിക വര്‍ഷത്തിലേക്കുള്ള മികച്ച ലക്ഷ്യത്തിലേക്കുള്ള അടിത്തറയാണെന്നും കമ്പനി എം.ഡിയും, സി.ഇ.ഒയുമായ വി.പി. നന്ദകുമാര്‍ പറഞ്ഞു. കമ്പനിയുടെ ബുക്ക് വാല്യു 55.92 രൂപയായി. മൂലധന അനുപാത പര്യാപ്തത 23.25 ശതമാനം രേഖപ്പെടുത്തി. കമ്പനിയുടെ മൊത്ത കടംവാങ്ങല്‍ 16,166 കോടിയായി. 2019 ജൂണ്‍ 30ലെ കണക്കു പ്രകാരം 44.65 ലക്ഷം ഉപഭോക്താക്കളാണ് കമ്പനിയില്‍ സജീവമായുള്ളത്.