വാഹന വില്‍പന 'ഉഷാറാക്കാന്‍' ടൂ വീലര്‍ കമ്പനികളുടെ പുത്തന്‍ തന്ത്രം; പലിശ രഹിത വായ്പ വെച്ച് വിപണി ഊര്‍ജിതമാക്കാന്‍ ടിവിഎസ് ക്രെഡിറ്റ് മുതല്‍ ബജാജ് ഓട്ടോ ഫിനാന്‍സ് വരെ

August 06, 2019 |
|
Lifestyle

                  വാഹന വില്‍പന 'ഉഷാറാക്കാന്‍' ടൂ വീലര്‍ കമ്പനികളുടെ പുത്തന്‍ തന്ത്രം; പലിശ രഹിത വായ്പ വെച്ച് വിപണി ഊര്‍ജിതമാക്കാന്‍ ടിവിഎസ് ക്രെഡിറ്റ് മുതല്‍ ബജാജ് ഓട്ടോ ഫിനാന്‍സ് വരെ

മുംബൈ: രാജ്യത്തെ വാഹന വിപണി മുന്‍പത്തേക്കാള്‍ കൂടുതലായി തിരിച്ചടി നേരിട്ടുവരവേയാണ് വിപണി ഉഷാറാക്കാന്‍ പുത്തന്‍ തന്ത്രവുമായി രാജ്യത്തെ ടൂവീലര്‍ ഭീമന്മാര്‍ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ തന്നെ പണമിടപാട് സ്ഥാപനങ്ങള്‍ വഴിയാണ് പലിശ രഹിത വായ്പ നല്‍കാന്‍ കമ്പനികള്‍ ശ്രമിക്കുന്നത്. ബജാജ് ഓട്ടോ ഫിനാന്‍സ്, ടിവിഎസ് ക്രെഡിറ്റ്, ഹീറോ മോട്ടോ കോര്‍പ്പ് എന്നി കമ്പനികളാണ് ഇപ്പോള്‍ ഓഫറുമായി രംഗത്തുള്ളത്.

മഹാരാഷ്ട്രയിലും സൗത്ത് ഇന്ത്യയിലുമാണ് ബജാജും ടിവിഎസ് മോട്ടോര്‍ കോര്‍പ്പും പലിശ രഹിതമായി ഇപ്പോള്‍ വായ്പ കൊടുക്കുന്നത്. യുപി അടക്കമുള്ള സ്ഥലങ്ങളില്‍ 10 മുതല്‍ 12 ശതമാനം വരെ പലിശ ഏര്‍പ്പെടുത്തിയിരുന്ന ഹിറോ മോട്ടോര്‍കോര്‍പ്പ് ഇപ്പോള്‍ ഇതില്‍ വന്‍ ഇളവാണ് വരുത്തിയിരിക്കുന്നത്.  വാഹന വില്‍പ്പന മേഖലയില്‍  മൂന്നു മാസത്തിനിടെ രണ്ടുലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. വാഹന വില്‍പ്പനയില്‍ തുടര്‍ച്ചയായുണ്ടായ ഇടിവുമൂലം ഷോറൂമുകള്‍ പൂട്ടിയതിനാലാണ് രൂക്ഷമായ തൊഴില്‍ നഷ്ടമുണ്ടായത്.

വാഹന വില്‍പ്പനയില്‍ കടുത്ത മാന്ദ്യം തുടരുന്നതിനാല്‍ കൂടുതല്‍ ചെറുകിട വില്‍പ്പനശാലകള്‍ കൂടി പൂട്ടിയേക്കും. കഴിഞ്ഞ ഏപ്രിലില്‍ അവസാനിച്ച 18 മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിലെ 286 ഡീലര്‍ഷിപ്പ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സ് നിര്‍മാണമേഖലയില്‍ അടുത്തിടെ 11 ലക്ഷത്തിലേറെ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു.

വാഹന വിപണിയില്‍ കടുത്ത മാന്ദ്യമാണെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (ഫാഡ ) വ്യക്മാക്കി.  പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് സംഘടന ആവശ്യപ്പെട്ടു.  പ്രതിസന്ധി നീങ്ങണമെങ്കില്‍ വാഹന ജിഎസ്ടി കുറയ്ക്കണമെന്ന് അസോസിയേഷന്‍  ആവശ്യപ്പെട്ടു.  സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കൂടുതല്‍പേര്‍ക്ക് തൊഴില്‍ ഇല്ലാതാകുമെന്നും ഫാഡ മുന്നറിയിപ്പുനല്‍കി.  

Related Articles

© 2025 Financial Views. All Rights Reserved