
ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ മാപ്പ് കമ്പനിയായ മാപ്പ് മൈ ഇന്ത്യ പ്രഥമ ഓഹരി വില്‍പ്പനയ്ക്കൊരുങ്ങുന്നു. 5,000-6,000 കോടി രൂപ മൂല്യം കണക്കാക്കപ്പെടുന്ന, ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 1,000- 1,200 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബ്ലൂംബെര്‍ഗ് ആണ് ഇതുസംബന്ധിച്ച ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ഐപിഒയ്ക്ക് മുന്നോടിയായി അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഡിആര്‍എച്ച്പിയില്‍ കമ്പനി രേഖകള്‍ സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐപിഒയിലേക്ക് പോകുന്ന ലാഭകരമായ കമ്പനികളില്‍ ഒന്നാണ് മാപ്പ് മൈ ഇന്ത്യ. 1992 ല്‍ രാകേഷ്, രശ്മി വര്‍മ എന്നിവര്‍ ചേര്‍ന്നാണ് മാപ്പ് മൈ ഇന്ത്യ സ്ഥാപിച്ചത്. കമ്പനിയുടെ വിപണി വിഹിതത്തില്‍ 90 ശതമാനവും ഓട്ടോമോട്ടീവ് മേഖലയില്‍നിന്നാണ്. ബിഎംഡബ്ല്യു, ടാറ്റ, ഹോണ്ട, ടൊയോട്ട തുടങ്ങിയ മുന്‍നിര വാഹന നിര്‍മാതാക്കളാണ് കമ്പനിയുടെ പ്രധാന ഉപഭോക്താക്കള്‍. ആപ്പിള്‍, ആമസോണിന്റെ അലക്സാ എന്നിവയുടെ മാപ്പുകള്‍ക്കും കമ്പനി പിന്തുണ നല്‍കുന്നു. കൂടാതെ റൈഡ്-ഹെയ്‌ലിംഗ് കമ്പനിയായ ഓല, ഫിന്‍ടെക് കമ്പനിയായ ഫോണ്‍പേ, സൈക്കിള്‍ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ യൂലു എന്നിവയുമായും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും മാപ്പ് മൈ ഇന്ത്യ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
ഗൂഗിള്‍ ആധിപത്യം പുലര്‍ത്തുന്ന ഉപഭോക്തൃ-മാപ്പ് ബിസിനസില്‍ കമ്പനി സമീപകാലത്താണ് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. ലൈസന്‍സിംഗ് മാപ്പ് ഉല്‍പ്പന്നങ്ങളും അതിന്റെ സേവനങ്ങളും, ജിപിഎസ് ട്രാക്കര്‍ തുടങ്ങിയവയാണ് കമ്പനിയുടെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 149 കോടി രൂപയുടെ വരുമാനവും 24 കോടി രൂപയുടെ അറ്റാദായവുമാണ് കമ്പനി നേടിയത്.