
ഇന്ത്യയിലെ പ്രമുഖ എഫ്എംസിജി (ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സ്) കമ്പനിയായ മാരികോ ലിമിറ്റഡ് ബുധനാഴ്ച്ച ഡിസംബര്‍ പാദത്തിലെ സാമ്പത്തികഫലം പുറത്തുവിട്ടു. കഴിഞ്ഞ ഒക്ടോബര്‍ - ഡിസംബര്‍ കാലഘട്ടത്തില്‍ കമ്പനിയുടെ അറ്റാദായം 13.04 ശതമാനം വര്‍ധനവ് കണ്ടു. 312 കോടി രൂപയാണ് മാരികോ ലിമിറ്റഡ് അറ്റാദായം കുറിച്ചതും.
മുന്‍ സാമ്പത്തികവര്‍ഷം ഇതേ കാലത്ത് 276 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. ഇക്കുറി പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 16.33 ശതമാനം വര്‍ധനവോടെ 2,122 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തികവര്‍ഷം ഡിസംബര്‍ പാദത്തില്‍ 1,824 കോടി രൂപയായിരുന്നു പ്രവര്‍ത്തനങ്ങളില്‍ നിന്നും മാരികോ വരുമാനം കണ്ടെത്തിയത്.
ആഭ്യന്തര വിപണി ഉണര്‍ന്നതും രാജ്യാന്തര ഇടപാടുകളില്‍ കറന്‍സി മൂല്യം 8 ശതമാനത്തോളം വളര്‍ന്നതും ഡിംസബര്‍ പാദത്തില്‍ പ്രവര്‍ത്തന വരുമാനം വര്‍ധിക്കാനുള്ള കാരണങ്ങളായി മാരികോ ചൂണ്ടിക്കാട്ടുന്നു. കമ്പനിയുടെ ഇന്ത്യയിലെ ബിസിനസ് പരിശോധിച്ചാല്‍ നിരയില്‍ 95 ശതമാനം ഉത്പന്നങ്ങളുടെയും ഡിമാന്‍ഡ് കൂടിയതായി കാണാം. കടകള്‍ വഴിയുള്ള പരമ്പരാഗത വ്യാപാര മാര്‍ഗ്ഗം മാരികോയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. പോയപാദത്തില്‍ വിതരണക്കാരുടെ പക്കലുള്ള സ്റ്റോക്ക് പരമാവധി പരിമിതപ്പെടുത്തിയാണ് മാരികോ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതും. ഇ-കൊമേഴ്സ് വഴിയുള്ള വില്‍പ്പനയിലും മാരികോ കാര്യമായ പുരോഗതി കൈവരിച്ചു.
പ്രധാന അസംസ്‌കൃത ചരക്കുകള്‍ക്കെല്ലാം വില കൂടിയ പശ്ചാത്തലത്തില്‍ തിരഞ്ഞെടുത്ത ഉത്പന്നങ്ങളുടെ വില കൂട്ടാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്ന് മാരികോ ലിമിറ്റഡ് ബുധനാഴ്ച്ച അറിയിച്ചു. പാരച്യൂട്ട്, സഫോള, ഹെയര്‍ ആന്‍ഡ് കെയര്‍, നിഹാര്‍ നാച്ചുറല്‍സ്, ലിവണ്‍, സെറ്റ് വെറ്റ്, മെഡിക്കര്‍, റീവൈവ്, ബിയേര്‍ഡോ തുടങ്ങിയ ബ്രാന്‍ഡുകള്‍ മാരികോയുടെ ഉടമസ്ഥതയിലുള്ളതാണ്.
സാമ്പത്തികഫലം പുറത്തുവന്ന പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ ഭേദപ്പെട്ട പ്രകടനം കുറിക്കാന്‍ മാരികോയ്ക്ക് സാധിച്ചു. ബിഎസ്ഇ സെന്‍സെക്സ് സൂചികയില്‍ 0.52 ശതമാനം നേട്ടത്തില്‍ 412.50 രൂപ എന്ന നിലയ്ക്കാണ് കമ്പനി വ്യാപാരം അവസാനിപ്പിച്ചത്. എന്‍എസ്ഇ നിഫ്റ്റി സൂചികയില്‍ 0.94 ശതമാനം നേട്ടം മാരികോ കയ്യടക്കി. നിലവില്‍ മാരികോയുടെ ഓഹരിയൊന്നിന് 414 രൂപയാണ് എന്‍എസ്ഇയില്‍.