
രാജ്യത്തെ വാഹനപ്രേമികളുടെ മനസില്‍ നിന്നും മായാതെ കിടക്കുന്ന ഒന്നാണ് മാരുതിയുടെ ജിപ്‌സി. മിലിട്ടറി ആവശ്യത്തിനായി വരെ തിളങ്ങിയ വാഹനം ചോദിക്കുന്ന വിലകൊടുത്ത് സെക്കണ്ട് ഹാന്‍ഡ് വാങ്ങാനും ആളുകള്‍ തയാറാണ്. കമ്പനി പ്രൊഡക്ഷന്‍ നിറുത്തിയിട്ടും ജിപ്‌സി റോഡുകളില്‍ രാജാവായി തന്നെ വിലസി. ഈ നേരത്താണ് 20 വര്‍ഷത്തിലധികം ഇന്ത്യ നെഞ്ചേറ്റി വാഹനത്തിന്റെ പുത്തന്‍ പതിപ്പ് ഇറങ്ങുന്നുവെന്ന വാര്‍ത്തയും പുറത്ത് വരുന്നത്. നിലവില്‍ രാജ്യാന്തര വിപണിയിലുള്ള ജിംനിയാണ് ജിപ്‌സിയുടെ പഴയ പ്രതാപം നിരത്തിലേക്ക് എത്തിക്കാന്‍ വരുന്നത്.
എന്നാല്‍ പേര് ജിംനി എന്നത് മാറ്റി ജിപ്‌സി എന്ന് തന്നെയാകുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ജിംനി സിയറയെ അടിസ്ഥാനമാക്കി മാരുതി സുസുക്കി പുതിയ എസ്യുവി പുതുക്കിയിറക്കുന്നത്. ഓഫ് റോഡ് മികവിനൊപ്പം ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ യാത്രാസുഖം കൂടി വാഗ്ദാനം ചെയ്യുന്ന വാഹനം ഉടന്‍ തന്നെ വിപണിയിലെത്തും. കഴിഞ്ഞ വര്‍ഷമായിരുന്നു പുതുതലമുറ ജിംനി ജപ്പാനില്‍ അരങ്ങേറിയത്. നിലവില്‍ ജപ്പാനില്‍ നിര്‍മിച്ച ജിംനിയാണു സുസുക്കി ആഗോളതലത്തില്‍ വില്‍പനയ്‌ക്കെത്തിക്കുന്നത്. എന്നാല്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഉല്‍പ്പാദനം ആരംഭിക്കുന്നതോടെ ജിമ്‌നിയുടെ കയറ്റുമതി കേന്ദ്രമായി ഇന്ത്യയും മാറിയേക്കും.
ഗുജറാത്തില്‍ സുസുക്കി സ്ഥാപിച്ച നിര്‍മാണശാലയില്‍ നിന്നാവും ജിംനി പുറത്തെത്തുകയെന്നാണു സൂചന. തുടര്‍ന്ന് റൈറ്റ് ഹാന്‍ഡ് ഡ്രൈവ് ശൈലി പിന്തുടരുന്ന വിപണികളിലേക്കുള്ള ജിംനി കയറ്റുമതിയും ഈ ശാലയില്‍ നിന്നാവും. അതിനിടെ ജിംനിയുടെ ദീര്‍ഘിപ്പിച്ച വീല്‍ബേസുള്ള മോഡല്‍ യാഥാര്‍ഥ്യമാക്കാനുള്ള നടപടികളും ജപ്പാനില്‍ പുരോഗമിക്കുന്നുണ്ട്. അഞ്ചു വാതില്‍ സഹിതമെത്തുന്ന ഈ മോഡലിന്റെ അകത്തളത്തില്‍ കൂടുതല്‍ സ്ഥലസൗകര്യവും ലഭ്യമാവും. മൂന്നു വാതിലുള്ള മോഡലുകളോട് ഇന്ത്യക്കാര്‍ക്ക് അധികം താല്‍പര്യമില്ലാത്ത സാഹചര്യത്തില്‍ ജിംനിയുടെ എക്സ്റ്റന്‍ഡഡ് വീല്‍ബേസ് പതിപ്പാവും ഈ വിപണിയിലെത്തുക.
600 സിസി, 1.5 ലീറ്റര്‍ എന്നിങ്ങനെ രണ്ട് എന്‍ജിന്‍ സാധ്യതകളോടെയാണ് രാജ്യാന്തര വിപണിയില്‍ ജിമ്‌നി വില്‍പനയിലുള്ളത്. ഇതില്‍ 1.5 ലീറ്റര്‍ എന്‍ജിന്‍ ഇന്ത്യന്‍ പതിപ്പിന് ലഭിക്കും. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന എര്‍ട്ടിഗയ്ക്കും സിയാസിനും എക്‌സ് എല്‍ 6നും കരുത്തു പകരുന്ന എന്‍ജിന് എകദേശം 104 എച്ച്പിയോളം കരുത്തും 138 എന്‍ എം ടോര്‍ക്കുമുണ്ട്. കൂടാതെ ഫോര്‍വീല്‍ ഡ്രൈവ് മോഡലുമുണ്ടാകും.