
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ യൂട്ടിലിറ്റി വെഹിക്കിള്‍ നിര്‍മ്മാതാക്കള്‍ എന്ന പദവി നിലനിര്‍ത്തി മാരുതി സുസൂക്കി ഇന്ത്യ. യൂട്ടിലിറ്റി വാഹനങ്ങളുടെ മാര്‍ക്കറ്റ് ഷെയറില്‍ 25.46 ശതമാനം ഓഹരി നിലനിര്‍ത്തിയാണ് മാരുതി സുസൂക്കി ഒന്നാം സ്ഥാനം നേടിയത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള വില്‍പന നോക്കുമ്പോഴാണ് 25.46 ശതമാനം ഓഹരി നലനിര്‍ത്തിയത്.
എക്‌സ് എല്‍ 6ന്റെ വരവോടെ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയുമായിട്ടാണ് മാരുതി ശക്തമായ മത്സരം നടത്തുന്നത്. മാത്രമല്ല യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് പ്രത്യേക ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്. വിറ്റാരാ ബ്രീസാ, എസ് ക്രോസ്, എര്‍ട്ടിഗ എന്നിവയാണ് മാരുതിയുടെ യൂട്ടിലിറ്റി വാഹനങ്ങള്‍. ഡിസൈനിലും ടെക്ക്‌നോളജിയിലും യാത്രാ സുഖത്തിലും വാഹനം മുന്‍നിരയില്‍ നില്‍ക്കുകയാണ്.
ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് യൂട്ടിലിറ്റി വാഹനങ്ങളുടെ പോര്‍ട്ട്‌ഫോളിയോ തങ്ങള്‍ മാറ്റുന്നുണ്ടെന്ന് മാരുതി സുസൂക്കി മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാത്സവ അറിയിച്ചു. പട്ടണങ്ങളില്‍ താമസിക്കുന്ന ആളുകളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പ്രത്യേകം നിര്‍മ്മിച്ചതാണ് എക്‌സ് എല്‍ 6 എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.