
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളാണ് മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്. കൊവിഡ് പിടിച്ചുകുലുക്കിയ ഒരു സാമ്പത്തിക വര്‍ഷത്തില്‍ പോലും തരക്കേടില്ലാത്ത വളര്‍ച്ച നേടിയെന്ന് അഭിമാനിക്കാവുന്ന സ്ഥാപനം. എന്നാല്‍ 2021-2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ മാരുതി സുസുകിയുടെ സ്ഥിതി അത്ര ശോഭനമല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2021 ഏപ്രില്‍ മാസത്തില്‍ വിറ്റഴിച്ച വാഹനങ്ങളുടെ കണക്ക് മാരുതി പുറത്ത് വിട്ടിട്ടുണ്ട്.
2021 ഏപ്രില്‍ മാസത്തില്‍ മാരുതി സുസുകി ഇന്ത്യ വിറ്റഴിച്ചത് 1,59,691 യൂണിറ്റ് വാഹനങ്ങളാണ്. ആഭ്യന്തര വിപണിയിലെ വില്‍പന മാത്രമല്ല, കയറ്റുമതി കൂടി ഉള്‍പ്പെടുന്നതാണ് ഈ കണക്ക്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വില്‍പന കുറവാണ് ഇത്തവണ. മാരുതി സുസുകിയുടെ വാഹന വില്‍പനയില്‍ മൊത്തം നാല് ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. മാര്‍ച്ച് 2021 ല്‍ വിറ്റഴിക്കപ്പെട്ടത് ആകെ 1,67,014 യൂണിറ്റ് വാഹനങ്ങള്‍ ആയിരുന്നു. മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് 7,323 യൂണിറ്റുകള്‍ കുറവാണ് ഏപ്രില്‍ മാസത്തില്‍ വിറ്റത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസവുമായി ഇത്തവണത്തെ ഏപ്രില്‍ വില്‍പനയെ താരതമ്യം ചെയ്യാന്‍ സാധിക്കില്ല. രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 2020 ഏപ്രില്‍ മാസത്തില്‍ ഒരു വാഹനം പോലും മാരുതി സുസുകി വിറ്റിരുന്നില്ല. ഇത് മാരുതിയുടെ മാത്രം കാര്യമല്ല, മറ്റ് വാഹന നിര്‍മാതാക്കളുടേയും അവസ്ഥ ഇത് തന്നെ ആയിരുന്നു.
2021 ഏപ്രില്‍ മാസത്തില്‍ ആഭ്യന്തര വിപണിയില്‍ മാരുതി സുസുകി വിറ്റത്1,37,151 യൂണിറ്റുകള്‍ ആയിരുന്നു. കയറ്റുമതി ചെയ്തത് 17,237 യൂണിറ്റുകളും. മറ്റ് ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്ചറര്‍മാര്‍ക്ക് (ഒഇഎം) വിറ്റത് 5,303 യൂണിറ്റുകളും. മൊത്തം വില്‍പനയില്‍ കുറവ് വന്നെങ്കിലും മിനി കാറുകളില്‍ ആള്‍ട്ടോയുടേയും എസ്-പ്രെസ്സോയുടേയും വില്‍പനയില്‍ രണ്ട് ശതമാനത്തിന്റെ വളര്‍ച്ച നേടിയിട്ടുണ്ട്. മാര്‍ച്ച് 2021 ല്‍ 24,653 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ഏപ്രിലില്‍ അത് 25,041 യൂണിറ്റുകള്‍ വില്‍ക്കാന്‍ സാധിച്ചു.
തിരിച്ചടി നേരിട്ടത് കോംപാക്ട് സെഗ്മെന്റിലെ കാറുകളുടെ വില്‍പനയില്‍ ആണ്. സ്വിഫ്റ്റ്, സെലേറിയോ, ഇഗ്‌നിസ്, ബലേനോ, ഡിസൈര്‍ എന്നിവയുടെ വില്‍പനയില്‍ 12 ശതമാനം ആണ് കുറവ് വന്നത്. മാര്‍ച്ചില്‍ 82,201 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ഏപ്രിലില്‍ അത് 72,318 ആയി കുറഞ്ഞു. ഓരോ വര്‍ഷവും കാറുകള്‍ക്ക് വില കൂടുന്ന മാസം കൂടിയാണ് ഏപ്രില്‍. കൂടാതെ, പുതിയ ഓഫറുകള്‍ കാര്യമായി അവതരിപ്പിച്ചിട്ടും ഉണ്ടാകില്ല. ബാങ്ക് പലിശയിലും വ്യത്യാസം വരും. അതുകൊണ്ട് തന്നെ മിക്കവര്‍ഷങ്ങളിലും ഏപ്രില്‍ മാസങ്ങളില്‍ വില്‍പനയില്‍ കുറവ് വരാറുണ്ട്.
വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ചിപ്പ് നിര്‍മാണത്തിലെ പ്രതിസന്ധി മൊത്തം വാഹന വിപണിയേയും കഴിഞ്ഞ മാസം ബാധിച്ചിട്ടുണ്ട് എന്നാണ് വിവരം. ബുക്ക് ചെയ്ത വാഹനങ്ങള്‍ കൃത്യ സമയത്ത് ഡെലിവര്‍ ചെയ്യാന്‍ മാരുതി സുസുകി ഉള്‍പ്പെടെയുള്ള പല വാഹന നിര്‍മാതാക്കള്‍ക്കും കഴിഞ്ഞ മാസം സാധിച്ചിട്ടും ഇല്ല. ഇതും വില്‍പന കുറയാനുള്ള കാരണങ്ങളില്‍ ഒന്നാണ്.