ചിപ്പ് പ്രതിസന്ധിയിലും തളരാതെ ടാറ്റ മോട്ടോഴ്സ്; വില്‍പ്പന വര്‍ദ്ധിച്ചു

November 05, 2021 |
|
News

                  ചിപ്പ് പ്രതിസന്ധിയിലും തളരാതെ ടാറ്റ മോട്ടോഴ്സ്;  വില്‍പ്പന വര്‍ദ്ധിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ പ്രബല വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സിന് ചിപ്പ് പ്രതിസന്ധിക്കിടയിലും മികച്ച വില്‍പ്പനയെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ മാസത്തിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ കമ്പനിയുടെ വില്‍പ്പന വര്‍ദ്ധിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബര്‍ മാസത്തില്‍ മൊത്തം 33,925 പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. ടാറ്റയുടെ കാര്‍ വില്‍പ്പനയില്‍ വര്‍ഷാവര്‍ഷം 44 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ മാസാടിസ്ഥാനത്തില്‍ വില്‍പ്പനയില്‍ 33 ശതമാനം വളര്‍ച്ചയുണ്ടായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയിലും വന്‍ വര്‍ധനയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ടാറ്റ കാറുകളുടെ വില്‍പ്പനയില്‍ ക്രമാനുഗതമായ വര്‍ധന കാണാം. ടാറ്റയുടെ ഇലക്ട്രിക് കാര്‍ വില്‍പ്പനയും ഒക്ടോബറില്‍ മാസാടിസ്ഥാനത്തില്‍ വര്‍ധിച്ചു.  ഒക്ടോബറില്‍ ടാറ്റ വില്‍പ്പന നടത്തിയത് 33,925 കാറുകളാണ്, ഇതില്‍ 1586 എണ്ണം ഇലക്ട്രിക് കാറുകളാണ്. ഇതിന് മുമ്പ് സെപ്തംബര്‍ മാസത്തില്‍ ടാറ്റയുടെ 1087 ഇലക്ട്രിക് കാറുകള്‍ വിറ്റഴിച്ചിരുന്നു.

അതേസമയം, 2021 സെപ്റ്റംബറില്‍ ടാറ്റയുടെ മൊത്തം 25,730 കാറുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മൊത്തം 23,617 കാറുകള്‍ വില്‍പ്പന നടത്താന്‍ കമ്പനിക്ക് കഴിഞ്ഞിരുന്നു. വര്‍ഷം തോറും, ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ഒക്ടോബറില്‍ മൂന്നിരട്ടിയിലധികം വര്‍ധിച്ചു. 2020 ഒക്ടോബറില്‍ മൊത്തം 422 ഇലക്ട്രിക് കാറുകള്‍ ടാറ്റ വിറ്റപ്പോള്‍ 2021 ഒക്ടോബറില്‍ ടാറ്റ ഇലക്ട്രിക് വിറ്റത് 1586 കാറുകളാണ്. ടാറ്റ നെക്സോണ്‍ ഇലക്ട്രിക്കിന്റെ വില്‍പ്പന തുടര്‍ച്ചയായി വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles

© 2025 Financial Views. All Rights Reserved