ഈ വര്‍ഷത്തെ നാലാമത്തെ വില വര്‍ധനവിനൊരുങ്ങി മാരുതി സുസുകി; ഉപഭോക്താക്കള്‍ക്ക് തിരിച്ചടി

June 21, 2021 |
|
News

                  ഈ വര്‍ഷത്തെ നാലാമത്തെ വില വര്‍ധനവിനൊരുങ്ങി മാരുതി സുസുകി; ഉപഭോക്താക്കള്‍ക്ക് തിരിച്ചടി

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി വീണ്ടും വില വര്‍ധനവിനൊരുങ്ങുന്നു. വിവിധ ഇന്‍പുട്ട് ചെലവ് വര്‍ധിച്ചത് കാരണം മോഡലുകളുടെ വില ഉയര്‍ത്തുമെന്ന് മാരുതി സുസുകി തിങ്കളാഴ്ച പ്രഖ്യാപിച്ചു. കമ്പനിയുടെ ഈ വര്‍ഷത്തെ നാലാമത്തെ വില വര്‍ധനവാണിത്. ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനി ജനുവരിയിലാണ് 2021 ലെ ആദ്യത്തെ വില വര്‍ധനവ് നടപ്പാക്കിയത്. തുടര്‍ന്ന് ഏപ്രിലില്‍ കാര്‍ വില രണ്ടുതവണ വര്‍ധിപ്പിച്ചു.

'ഒരു വര്‍ഷമായി തുടരുന്ന കമ്പനിയുടെ ഇന്‍പുട്ട് ചെലവുകളുടെ വര്‍ധനവ് വാഹനങ്ങളുടെ വിലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതിനാല്‍, അധിക ചെലവിന്റെ ചില സ്വാധീനം കാരണം വില വര്‍ധിപ്പിക്കേണ്ടത് കമ്പനിക്ക് അനിവാര്യമായിരിക്കുന്നു,' മാരുതി സുസുക്കി സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു. എത്രത്തോളം വില വര്‍ധനവ് നടത്തുമെന്ന് കമ്പനി പരാമര്‍ശിച്ചിട്ടില്ലെങ്കിലും ഓരോ മോഡലുകളുടെയും വര്‍ധനവില്‍ വ്യത്യാസമുണ്ടാവും. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലേക്കാണ് വില വര്‍ധന ആസൂത്രണം ചെയ്തിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. അങ്ങനെയെങ്കില്‍ അടുത്തമാസം തന്നെ വില വര്‍ധനവുണ്ടായേക്കും.

മെറ്റല്‍ വില വര്‍ധന, സെമികണ്ടക്ടേഴ്സിന്റെ ക്ഷാമം എന്നിവ കാരണം രാജ്യത്തുടനീളമുള്ള കാര്‍ നിര്‍മാതാക്കള്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ സെമികണ്ടക്ടേഴ്സിന്റെ ഉപയോഗം സമീപകാലത്ത് ആഗോളതലത്തില്‍ ഉയര്‍ന്നിട്ടുണ്ട്. പുതിയ മോഡലുകളിലെ കൂടുതല്‍ ഇലക്ട്രോണിക് സവിശേഷതകളായ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഡ്രൈവര്‍ അസിസ്റ്റ്, നാവിഗേഷന്‍, ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റങ്ങള്‍ എന്നിവ സജ്ജീകരിക്കുന്നതിന് കൂടുതല്‍ സെമികണ്ടക്ടേഴ്സ് ആവശ്യമായി വരുന്നതാണ് കാരണം. അതേസമയം വിലവര്‍ധനവ് പ്രഖ്യാപനത്തെ തുടര്‍ന്ന് മാരുതി സുസുകിയുടെ ഓഹരികള്‍ 1.12 ശതമാനം ഇടിഞ്ഞ് 6,881 രൂപയിലെത്തി.

Related Articles

© 2025 Financial Views. All Rights Reserved