വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ഇന്ത്യയില്‍ മികച്ച നേട്ടവുമായി മെഴ്‌സിഡസ് ബെന്‍സ്

July 09, 2021 |
|
News

                  വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ഇന്ത്യയില്‍ മികച്ച നേട്ടവുമായി മെഴ്‌സിഡസ് ബെന്‍സ്

കോവിഡ് രണ്ടാം തരംഗത്തിനിടയിലും 2021ന്റെ ആദ്യപകുതിയില്‍ ഇന്ത്യയില്‍ മികച്ച നേട്ടവുമായി മെഴ്‌സിഡസ് ബെന്‍സ്. 2021 ന്റെ ആദ്യ പകുതിയിലെ വില്‍പ്പനയില്‍ 65 ശതമാനത്തിന്റെ വര്‍ധനയാണ് കമ്പനി നേടിയത്. ജനുവരി മുതല്‍ ജൂണ്‍ വരെയായി 4,857 യൂണിറ്റ് കാറുകളും എസ്യുവികളുമാണ് ഇന്ത്യയില്‍ വിറ്റഴിച്ചതെന്ന് ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് അറിയിച്ചു. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 2,948 യൂണിറ്റുകളായിരുന്നു വിറ്റഴിച്ചത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ഏപ്രില്‍, മെയ് മാസങ്ങളില്‍ വില്‍പ്പന കുറഞ്ഞുവെങ്കിലും ജൂണ്‍ മാസത്തില്‍ വളരെ ശക്തമായ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്.

അതേസമയം, 2021 ന്റെ ആദ്യ ആറുമാസത്തിനുള്ളില്‍ മെഴ്‌സിഡസ് ബെന്‍സ് എട്ട് പുതിയ മോഡലുകളും ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ എ-ക്ലാസ് ലിമോസിന്‍, എഎംജി എ 35 4 മാറ്റിക്, പുതിയ ഇ-ക്ലാസ്, പുതിയ ജിഎല്‍എ, എഎംജി ജിഎല്‍എ, 35 4 മാറ്റിക്, ജിഎല്‍എസ് മേബാക്ക് 600, പുതിയ എസ്-ക്ലാസ് എന്നിവയാണ് ആറു മാസത്തിനിടെ ഇന്ത്യയില്‍ അവതരിപ്പിച്ച മോഡലുകള്‍. 

മെഴ്‌സിഡസ് ബെന്‍സ് ഇ-ക്ലാസ് എല്‍ഡബ്ല്യുബിയാണ് 2021 ല്‍ ഏറ്റവും കൂടുതലായ വിറ്റഴിക്കപ്പെട്ട മോഡല്‍. 2021 ല്‍ ഇന്ത്യയ്ക്കായി അനുവദിച്ച ജിഎല്‍എസ് മേബാക്ക് 600 ന്റെ 50 യൂണിറ്റുകള്‍ ഇതിനകം വിറ്റഴിഞ്ഞതായി കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ആറ് മാസത്തിനിടെ ഇന്ത്യയിലെ മെഴ്‌സിഡസ് ബെന്‍സിന്റെ വില്‍പ്പനയില്‍ 20 ശതമാനവും ഓണ്‍ലൈന്‍ വഴിയാണ് നടന്നത്. ഏപ്രില്‍ മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ 35 ശതമാനം വര്‍ധനവാണുണ്ടായത്.

Related Articles

© 2025 Financial Views. All Rights Reserved