ഉല്‍പ്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി എംജി മോട്ടോഴ്സ്; 2,500 കോടി രൂപയുടെ നിക്ഷേപം നടത്തും

August 23, 2021 |
|
News

                  ഉല്‍പ്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി എംജി മോട്ടോഴ്സ്;   2,500 കോടി രൂപയുടെ നിക്ഷേപം നടത്തും

രാജ്യത്തെ വാഹന വിപണിയില്‍ ചുരുങ്ങിയ കാലം കൊണ്ട് ജനപ്രിയമായ എംജി മോട്ടോഴ്സ് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി 2022 അവസാനത്തോടെ 2,500 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങുകയാണ് കമ്പനി. ഗുജറാത്തിലെ ഹാലോളിലെ പ്ലാന്റിലെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനാണ് പുതുതായി നിക്ഷേപം നടത്തുകയെന്ന് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

'ഞങ്ങള്‍ ഇതിനകം 3,000 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്, അടുത്ത വര്‍ഷം അവസാനത്തോടെ ഞങ്ങള്‍ 2500 കോടി രൂപ കൂടി നിക്ഷേപിക്കും. ഇതോടെ മൊത്തം നിക്ഷേപം 5,500 കോടി രൂപയില്‍ എത്തും,' എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചാബ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 'മെറ്റീരിയല്‍ സപ്ലൈകളെ ആശ്രയിച്ച് പ്രതിമാസം 7,000 യൂണിറ്റുകള്‍ ഉപ്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു, കമ്പനിയുടെ നിലവിലെ ശേഷി പ്രതിമാസം 4,000-4,500 യൂണിറ്റാണ്. നിലവില്‍, മെറ്റീരിയല്‍ വിതരണത്തിന്റെ കുറവ്, പ്രത്യേകിച്ച് സെമികണ്ടക്ടര്‍ ക്ഷാമം എംജി മോട്ടോഴ്സിന്റെ ഉല്‍പ്പാദനത്തെ പരിമിതപ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ കൂടി ചുവടുവച്ച് എംജി മോട്ടോഴ്സ് മിഡ്-സൈസ് എസ്യുവി ആസ്റ്റര്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ്. ദീപാവലിക്ക് മുമ്പായി ഈ മോഡല്‍ വിപണിയിലെത്തിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. അതേസമയം, സെമികണ്ടക്ടര്‍ ക്ഷാമം ഉല്‍പ്പാദനത്തിന് തിരിച്ചടിയാകുമെങ്കിലും ഈ വര്‍ഷം 100 ശതമാനത്തിലധികം വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. നേരത്തെ, 2018 ല്‍ 5-6 വര്‍ഷങ്ങള്‍ക്കുള്ളില്‍ 5,000 കോടി രൂപ ഇന്ത്യയില്‍ നിക്ഷേപിക്കുമെന്ന് എംജി മോട്ടോഴ്സ് വ്യക്തമാക്കിയിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved