
രണ്ടു വാഹനങ്ങള്‍ കൊണ്ടുതന്നെ ഇന്ത്യന്‍ വാഹന വിപണിയിലെ സജീവ സാന്നിധ്യമായി മാറിയ നിര്‍മാതാക്കളാണ് എംജി മോട്ടര്‍. ഇനി വരാനിരിക്കുന്ന ഹെക്ടര്‍ പ്ലസും ഗ്ലോസ്റ്ററുമെല്ലാം ഇപ്പോള്‍ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചു കഴിഞ്ഞു. എന്നാല്‍ ഇവയ്ക്ക് പുറമേ ഇന്ത്യയില്‍ ഏറ്റവും അധികം റേഞ്ചുള്ള ഇലക്ട്രിക് എസ്യുവിയുമായി എംജി എത്തുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍.
എംജിയുടെ ഇലക്ട്രിക് എസ്യുവി സിഎസിന് കപ്പാസിറ്റി കൂടിയ ബാറ്ററി നല്‍കി ഉടന്‍ പുറത്തിറക്കുമെന്നാണ് എംജി ഇന്ത്യ മേധാവി രാജീവ് ഛാബ പറയുന്നത്. ഒരു ഇംഗ്ലീഷ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു പ്രവശ്യം ചാര്‍ജു ചെയ്താല്‍ 500 കിലോമീറ്റര്‍ വരെ ഓടുന്ന സിഎസ് വിപണിയിലെത്തിക്കാന്‍ എംജി പദ്ധതിയിടുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. നിലവിലെ മോഡലുകള്‍ കൂടാതെ പുതിയ വകഭേദമായിട്ടായിരിക്കും റേഞ്ച് കൂടിയ എസ്‌യുവി പുറത്തിറങ്ങുക.
നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും അധികം വില്‍ക്കുന്ന ഇലക്ട്രിക് എസ്യുവികളിലൊന്നാണ് എംജി സിഎസ്. ഈ വര്‍ഷം ആദ്യമാണ് എംജിയുടെ ഇലക്ട്രിക് എസ്യുവി സിഎസ് വിപണിയിലെത്തിയത്. വില പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ 2800 ബുക്കിങ്ങുകള്‍ ലഭിച്ചു എന്നാണ് എംജി അവകാശപ്പെടുന്നത്. രാജ്യത്ത് 9 മാസം കൊണ്ട് ആകെ 1554 ഇലക്ട്രിക് കാറുകള്‍ മാത്രം വിറ്റപ്പോഴാണ് ഒരു മാസത്തില്‍ത്താഴെ സമയം കൊണ്ട് എംജി സി എസ് വന്‍ജനപ്രീത ലഭിക്കുന്നതെന്നും എംജി പറയുന്നു.
തുടക്കത്തില്‍ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ ഡീലര്‍ഷിപ്പുകള്‍ വഴി വിറ്റിരുന്ന വാഹനത്തിന്റെ വില്‍പന ഈ മാസം കൊച്ചി അടക്കം പുതിയ 5 നഗരങ്ങളിലേയ്ക്കും വ്യാപിപ്പിച്ചിരുന്നു. ഹെക്ടറിന് പിന്നാലെ എംജി മോട്ടാര്‍ പുറത്തിറക്കിയ ഇലക്ട്രിക് എസ്‌യുവിയില്‍ എംജിയുടെ കണക്റ്റുവിറ്റി ഫീച്ചറുകളെല്ലാമുണ്ടെ്. 142.7 പിഎസ് കരുത്തും 353 എന്‍എം ടോര്‍ക്കും നല്‍കുന്ന 44.5 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 80 ശതമാനം 50 മിനിറ്റില്‍ ചാര്‍ജാകും. എസി ചാര്‍ജര്‍ മോഡലില്‍ 6 മുതല്‍ 9 മണിക്കൂര്‍ വരെയാണ് ചാര്‍ജിങ് സമയം. ഇതുകൂടാതെയാണ് പോര്‍ട്ടബിള്‍ ചാര്‍ജറുമുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 8.5 സെക്കന്റ് മാത്രം മതി ഈ കരുത്തന്.