
ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ വാങ്ങാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് ബൈറ്റ്ഡാന്‍സുമായി സോഫ്റ്റ് വെയര്‍ രംഗത്തെ വമ്പന്മാരായ മൈക്രോസോഫ്റ്റ് ചര്‍ച്ചയിലാണെന്നാണ് സൂചന. അമേരിക്കയിലെ ടിക് ടോക്കിന്റെ പ്രവര്‍ത്തനാവകാശം വാങ്ങുക എന്നതാണ് ലക്ഷ്യം.
ഇതിനിടെ ഇന്ത്യല്‍ നിന്ന് ഹോങ്കോങ്ങില്‍ നിന്നും പുറത്തായ ടിക് ടോക്കിനെ ദേശീയ സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തി യുഎസില്‍ നിന്നും പുറത്താക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനിയെ യുഎസില്‍ നിന്ന് ഔദ്യോഗികമായി തടയാന്‍ അടിയന്തര സാമ്പത്തിക അധികാരമോ എക്‌സിക്യൂട്ടീവ് ഉത്തരവോ ഉപയോഗിക്കാമെന്ന് ട്രംപ് പറഞ്ഞു.
ടിക് ടോക്കിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ മുഴുവനായും വില്‍ക്കണമെന്ന് ട്രംപ് ഉത്തരവിറക്കാനിരിക്കുകയാണെന്ന് വോള്‍ സ്ട്രീറ്റ് ജേണല്‍, ബ്ലൂംവര്‍ഗ് എന്നീ ബിസിനസ് പത്രങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടിക് ടോക് സര്‍വീസ് ചൈന രഹസ്യാന്വേഷണത്തിനായി ഉപയോഗപ്പെടുത്തുന്നുവെന്ന് ആശങ്ക ചൂണ്ടിക്കാട്ടിയാണിത്. അതേസമയം, മറ്റ് കമ്പനികളും ജനപ്രിയ വീഡിയോ അപ്ലിക്കേഷന്‍ വാങ്ങാന്‍ മുന്നോട്ട് വരാന്‍ സാധ്യതയുണ്ട്. ആമസോണ്‍, ആല്‍ഫബെറ്റ്, ആപ്പിള്‍, ഫേസ്ബുക്ക് തുടങ്ങിയ കമ്പനികളും ചൈനീസ് ആപ്ലിക്കേഷന്‍ വാങ്ങാന്‍ സാധ്യതയുള്ളവരായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
അതേസമയം ടിക് ടോക്ക് അമേരിക്കയില്‍ നിരോധിക്കുന്നത് ജനങ്ങളില്‍ എന്ത് പ്രതികരണമാണുണ്ടാകയെന്ന ആശങ്കയും ട്രംപിനുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ ഇത് ഗുണകരമാകുമോയെന്ന് പരിശോധിക്കേണ്ടതുമുണ്ട്. എന്നാല്‍ യുഎസിലെ ടിക് ടോക്കിന്റെ പ്രവര്‍ത്തനം മൈക്രോസോഫ്റ്റ് ഏറ്റെടുക്കുകയാണെങ്കില്‍ ഇത് ഗുണം ചെയ്യുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. രാജ്യ സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇന്ത്യയും ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്കി നിരോധിച്ചത്.