
സാന്‍ ഫ്രാന്‍സിസ്‌കോ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ക്ലൗഡ് സ്‌പേസ് എന്നിവയില്‍ 1,500 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ച് ടെക് ഭീമന്‍ മൈക്രോസോഫ്റ്റ്. ഇതിനായി ജോര്‍ജിയയിലെ അറ്റ്‌ലാന്റയില്‍ അടുത്ത വര്‍ഷം പുതിയ ഓഫീസ് നിര്‍മ്മിക്കാന്‍ 75 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു.
സത്യ നാഡെല്ല നടത്തുന്ന എന്റര്‍പ്രൈസ് പ്രശസ്തമായ അറ്റ്‌ലാന്റിക് സ്റ്റേഷന്‍ ജില്ലയില്‍ 523,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കും. റീട്ടെയ്ല്‍ മേഖല ഉള്‍പ്പെടുന്ന ഈ സൗകര്യം 2021 വേനല്‍ക്കാലത്ത് തുറക്കും. മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനെപ്പോലുള്ള ഒരു ആഗോള നേതാവ് ജോര്‍ജിയയില്‍ നിക്ഷേപം വിപുലീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അത് കമ്പനിക്കും നമ്മുടെ സംസ്ഥാനത്തിനും യഥാര്‍ഥത്തില്‍ ഗുണം ചെയ്യുമെന്ന് ഗവര്‍ണര്‍ ബ്രയാന്‍ പി. കെമ്പ് പറഞ്ഞു.
ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകുന്നതിനുള്ള റീട്ടെയില്‍ ഇടം ഉള്‍പ്പെടെ എഐ, ക്ലൗഡ് സേവനങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥലമായിരിക്കും മൈക്രോസോഫ്റ്റിന്റെ ഈ പുതിയ സൗകര്യം. അറ്റ്‌ലാന്റയ്ക്ക് സമ്പന്നമായ സംസ്‌കാരവും നവീകരണ ചരിത്രവുമുണ്ട്. ഇത് സാങ്കേതിക വളര്‍ച്ചയ്ക്ക് ഒരു സവിശേഷ സ്ഥലമാക്കി ഇതിനെ മാറ്റുന്നുവെന്ന് മൈക്രോസോഫ്റ്റ് ജനറല്‍ മാനേജര്‍ ടെറല്‍ കോക്‌സ് പറഞ്ഞു.
മിഡ്ടൗണ്‍ അറ്റ്‌ലാന്റ ഒരു മികച്ച ആധുനിക ജില്ലയായും ടെക് കമ്പനികളുടെ കേന്ദ്രമായും മാറിയിട്ടുണ്ട്. നിലവില്‍ മൈക്രോസോഫ്റ്റ് ടെക്‌നോളജി സ്‌ക്വയറിലെ കോഡ ബില്‍ഡിംഗില്‍ പ്രവര്‍ത്തിച്ചുരുകയാണ്.