
തിരുവനന്തപുരം: കന്നുകാലികളുടെ വില്‍പ്പനയ്ക്ക് വേണ്ടി മില്‍മ'കൗ ബസാര്‍' ആരംഭിക്കുന്നു. ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ പച്ചക്കറി കൃഷിയും ആരംഭിക്കാന്‍ മില്‍മയ്ക്ക് പദ്ധതിയുണ്ട്. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ തമ്മിലുള്ള കറവ പശുക്കളുടെ കൈമാറ്റം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൗ ബസാര്‍ ആരംഭിക്കുന്നത്. മൊബീല്‍ ആപ്ലിക്കേഷന്‍ വഴി പശുവിനെ വില്‍ക്കാനും വാങ്ങാനുമുള്ള വിവരം കര്‍ഷകര്‍ക്ക് അറിയാന്‍ സാധിക്കും.
കര്‍ഷകര്‍ക്ക് അധിക വരുമാനമാണ് പച്ചക്കറി കൃഷിയിലൂടെ ലക്ഷ്യമിടുന്നത്. ക്ഷീര വിപണന മേഖലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായി പാല്‍ വിതരണത്തിന് മില്‍ക് എടിഎമ്മുകള്‍ തുറക്കാനും പദ്ധതിയുണ്ട്. പരീക്ഷണ അടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളിലാണ് മില്‍ക് എടിഎം ആരംഭിക്കുക. പാത്രങ്ങളുമായി എത്തി പാലുമായി മടങ്ങാം. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കവര്‍പാല്‍ കുറയ്ക്കാനായി സഞ്ചരിക്കുന്ന വില്‍പ്പനശാല തിരുവനന്തപുരം നഗരത്തില്‍ ആരംഭിച്ചു. എന്നാല്‍ പദ്ധതി തിരിച്ചടിയായി. അതിനാലാണ് മില്‍ക് എടിഎം തുടങ്ങാന്‍ പദ്ധതിയിട്ടത്. പാല്‍ സംഭരിക്കാന്‍ പ്ലാസ്റ്റിക് കവര്‍ ഒഴിവാക്കി ബദല്‍ സംവിധാനം ഒരുക്കാനുള്ള പരീക്ഷണത്തിലാണ് മില്‍മ.പരിസ്ഥിതിക്ക് ദോഷമില്ലാത്തതും മണ്ണില്‍ ലയിക്കുന്നതുമായ കവര്‍ ചോളത്തില്‍ നിന്നും നിര്‍മിച്ചിരുന്നു. അതും പരാജയപ്പെടുകയായിരുന്നു.