
ന്യൂഡല്‍ഹി: ഉപയോഗിക്കാതെ കിടക്കുന്നതും പരിമിതമായ രീതിയില്‍ ഉപയോഗത്തിലുളളതുമായ 100 വിമാനത്താവളങ്ങളെ നവീകരിക്കാനും, ഉഡാന്‍ പദ്ധതി പ്രകാരം കുറഞ്ഞത് 1,000 വ്യോമയാന റൂട്ടുകളെങ്കിലും പുതിയതായി ആരംഭിക്കാനും മന്ത്രാലയം ലക്ഷ്യമിട്ടിട്ടുണ്ടെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹാര്‍ദീപ് സിംഗ് പുരി.
വിമാനത്താവളങ്ങള്‍ നടത്തുന്നത് സര്‍ക്കാരിന്റെ പ്രത്യേകതയല്ലാത്തതിനാല്‍ വ്യോമയാന രംഗത്ത് സ്വകാര്യവല്‍ക്കരണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനത്താവളങ്ങളുടെ പുനരുദ്ധാരണം സ്വകാര്യ മേഖലയുടെ സഹകരണത്തോടെ നിര്‍വഹിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
വ്യോമയാന മന്ത്രാലത്തിന്റെ പ്രാദേശിക കണക്റ്റിവിറ്റി പദ്ധതി പ്രകാരം മാര്‍ച്ച് ഒന്നിന് ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ പട്ടണത്തില്‍ നിന്നുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'അമ്പത്തിയാറ് വിമാനത്താവളങ്ങള്‍ ഇതിനകം നവീകരിച്ചു, 700 ലധികം റൂട്ടുകള്‍ അനുവദിച്ചു, അതില്‍ ഉഡാന്‍ പദ്ധതി പ്രകാരം 311 റൂട്ടുകളില്‍ വ്യോമസേവനം ആരംഭിച്ചു, 2017 ല്‍ ലഭിച്ച 4,500 കോടി രൂപ ബജറ്റ് വിഹിതത്തില്‍ നിന്നാണ് ഈ പ്രവര്‍ത്തങ്ങള്‍ നടന്നുവരുന്നത്,'' പുരി പറഞ്ഞു.
മാര്‍ച്ച് ഒന്ന് മുതല്‍, ബിലാസ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വ്യോമയാന സേവനങ്ങള്‍ ആരംഭിക്കും. നിലവില്‍ എയര്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ അലയന്‍സ് എയറിന് ബിലാസ്പൂര്‍- പ്രയാഗ്‌രാജ്-ഡല്‍ഹി റൂട്ട് മന്ത്രാലയം കൈമാറിയിട്ടുണ്ട്.