
ന്യൂഡല്‍ഹി: 2022ലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 9.1 ശതമാനത്തില്‍ നിന്ന് 8.8 ശതമാനമായി വെട്ടിച്ചുരുക്കി മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ്. ഉയര്‍ന്ന പണപ്പെരുപ്പം ചൂണ്ടിക്കാട്ടിയാണ് നടപടി. അസംസ്‌കൃത എണ്ണ, ഭക്ഷണം എന്നിവയുടെ വില വര്‍ധന വരും മാസങ്ങളില്‍ ഗാര്‍ഹിക സാമ്പത്തികത്തെയും, ചെലവുകളെയും ബാധിക്കും. എണ്ണ, ഭക്ഷ്യ വിലക്കയറ്റം തടയാന്‍ പലിശ നിരക്ക് ഉയര്‍ത്തുന്നത് ഡിമാന്‍ഡ് വളര്‍ച്ചയുടെ വേഗതയെ തടസ്സപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ശക്തമായ വായ്പാ വളര്‍ച്ച, കോര്‍പ്പറേറ്റ് മേഖല പ്രഖ്യാപിച്ച നിക്ഷേപ ലക്ഷ്യങ്ങളിലെ വന്‍ വര്‍ധന, മൂലധനച്ചെലവിനായി സര്‍ക്കാര്‍ നടത്തുന്ന ഉയര്‍ന്ന ബജറ്റ് വിഹിതം എന്നിവ സൂചിപ്പിക്കുന്നത് നിക്ഷേപം ശക്തിപ്പെടുന്നുവെന്നാണ്. എന്നാല്‍ ആഗോളതലത്തില്‍ ക്രൂഡ് ഓയിലിന്റെയും, ഭക്ഷ്യവസ്തുക്കളുടെയും വില ഇനിയും ഉയരാതിരുന്നാല്‍ വളര്‍ച്ചയുടെ വേഗത നിലനിര്‍ത്താന്‍ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന് മൂഡീസ് കൂട്ടിച്ചേര്‍ത്തു.
2022ലും 2023-ലും പണപ്പെരുപ്പം യഥാക്രമം 6.8 ശതമാനവും, 5.2 ശതമാനവും ആയിരിക്കും. ഇന്ധനം മുതല്‍ പച്ചക്കറികളും, പാചക എണ്ണയും വരെയുള്ള എല്ലാ ഇനങ്ങളിലുമുള്ള വിലക്കയറ്റം ഏപ്രിലിലെ മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം റെക്കോര്‍ഡ് ഉയര്‍ന്ന നിരക്കായ 15.08 ശതമാനത്തിലേക്കും, ചില്ലറ പണപ്പെരുപ്പം എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.79 ശതമാനത്തിലേക്കും എത്തിച്ചു. ഉയര്‍ന്ന പണപ്പെരുപ്പം റിസര്‍വ് ബാങ്കിനെ ഈ മാസം ആദ്യം പലിശ നിരക്ക് 40 ബേസിസ് പോയിന്റ് ഉയര്‍ത്താന്‍ പ്രേരിപ്പിച്ചു.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ (ഏപ്രില്‍-മാര്‍ച്ച്) ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 9.3 ശതമാനമാകുമെന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ മൂഡീസ് പ്രവചിച്ചിരുന്നു. വര്‍ധിച്ചുവരുന്ന പണപ്പെരുപ്പവും, പ്രതീക്ഷിച്ചതിലും ദൈര്‍ഘ്യമേറിയ റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷവും മൂലം ഈ മാസം ആദ്യം എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്സ് 2022-23 ലെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം നേരത്തെയുള്ള 7.8 ശതമാനത്തില്‍ നിന്ന് 7.3 ശതമാനമായി കുറച്ചിരുന്നു. മാര്‍ച്ചില്‍, റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന്റെ പേരില്‍ ഉയര്‍ന്ന ഊര്‍ജ വില ചൂണ്ടിക്കാട്ടി ഫിച്ച് ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 10.3 ശതമാനത്തില്‍ നിന്ന് 8.5 ശതമാനമായി കുറച്ചിരുന്നു.
ലോകബാങ്ക് ഏപ്രിലില്‍ ഇന്ത്യയുടെ 2022-23 ലെ ജിഡിപി പ്രവചനം നേരത്തെ പ്രവചിച്ച 8.7 ശതമാനത്തില്‍ നിന്ന് 8 ശതമാനമായി കുറച്ചു. ഐഎംഎഫ് വളര്‍ച്ച 9 ശതമാനത്തില്‍ നിന്ന് 8.2 ശതമാനമായി കുറച്ചു. ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി) ഇന്ത്യയുടെ വളര്‍ച്ച 7.5 ശതമാനമായി പ്രവചിക്കുന്നതായി റിപ്പോര്‍ട്ട് പറഞ്ഞു. അതേസമയം റഷ്യ-യുക്രെയ്ന്‍ യുദ്ധം മൂലം അസ്ഥിരമായ ക്രൂഡ് ഓയില്‍ വിലയും, വിതരണ ശൃംഖലയിലെ തടസ്സങ്ങളും കാരണം ആര്‍ബിഐ കഴിഞ്ഞ മാസം വളര്‍ച്ചാപ്രവചനം 7.8 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമായി കുറച്ചു.