
മുംബൈ: മലേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതികള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍.സംസ്‌കരിച്ച പാമൊലിന്‍ എണ്ണയുടെ നിയന്ത്രണം തീരുമാനിച്ചതിന് പിന്നാലെ അധിക നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെ കുറിച്ചാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ആലോചിക്കുന്നത്. മലേഷ്യയില്‍ നിന്നുള്ള മൈക്രോപൊസസറുകള്‍,ടെലികോം ഉപകരണങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താനാണ് പുതിയ തീരുമാനം. വിവിധ ഘട്ടങ്ങളിലായി ഗുണമേന്മാ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാനാണ് ശ്രമം. നേരത്തെ മലേഷ്യയില്‍ നിന്നുള്ള പാം ഓയില്‍ ഇറക്കുുമതി നിയന്ത്രണത്തിനും ഇതേരീതിയാണ് അവലംബിച്ചിരുന്നത്. അസംസ്‌കൃത എണ്ണ ഇറക്കുമതി പ്രോത്സാഹിപ്പിച്ച് മലേഷ്യയില്‍ നിന്നുള്ള സംസ്‌കരിച്ച എണ്ണയ്ക്ക് തടയിടുകയായിരുന്നു സര്‍ക്കാര്‍ .ഇതിനായി രാജ്യത്തെ പാമോയില്‍ സംസ്‌കരണ വ്യവസായത്തിന് ഉത്തേജനം നല്‍കുകയാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്.
എന്നാല്‍ ഇന്തോനേഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കുകയാണ് ഫലത്തിലുണ്ടായത്. മലേഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പാം ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം 4.4 മില്യണ്‍ ടണ്‍ പാം ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്. മലേഷ്യയില്‍ നിന്നുള്ള പാംഓയില്‍ ഇറക്കുമതിക്കുള്ള നിയന്ത്രണം തുടരുമ്പോള്‍ ഇന്തോനേഷ്യന്‍ ഇറക്കുമതി വര്‍ധിപ്പിക്കേണ്ടി വരും. ഇലക്ട്രോണിക്,ടെലികോം ,രാസവസ്തുക്കള്‍ എന്നിവയും ഇന്ത്യ കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് മലേഷ്യയില്‍ നിന്നാണ്. ഇന്ത്യയുടെ നടപടിക്ക് എതിരെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് കടുത്ത ആശങ്ക പങ്കുവെച്ചിട്ടുണ്ട്. കശ്മീര്‍,പൗരത്വഭേദഗതി വിഷയങ്ങളില്‍ മലേഷ്യന്‍ സര്‍ക്കാരില്‍ നിന്നുണ്ടായ പരാമര്‍ശത്തെ തുടര്‍ന്നുള്ള പ്രതികാരനടപടിയായാണ് ഈ നിയന്ത്രണങ്ങളെ വിലയിരുത്തുന്നത്.