
ന്യൂഡല്‍ഹി: 2022 ഏപ്രില്‍ ഒന്നിന് തുടങ്ങുന്ന പുതിയ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് കുറച്ച് ആഗോള ധനകാര്യ ഏജന്‍സിയായ മോര്‍ഗന്‍ സ്റ്റാന്‍ലി. ലോകരാജ്യങ്ങളില്‍ എണ്ണ വിലയുടെ കുതിപ്പ് സാമ്പത്തിക വളര്‍ച്ചക്ക് വിഘാതമാകുന്നത് കണക്കിലെടുത്താണ് വളര്‍ച്ച നിരക്കില്‍ കുറവ് വരുത്തിയത്. നേരത്തേ കണക്കാക്കിയതിനെക്കാള്‍ 0.5 ശതമാനം കുറച്ച് 7.9 ശതമാനമാണ് പ്രതീക്ഷിക്കുന്ന പുതിയ വളര്‍ച്ച നിരക്ക്. 2022 ഏപ്രില്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ചു.
ഇന്ധനത്തിന്റെയും മറ്റ് വസ്തുക്കളുടെയും വില വര്‍ധന രാജ്യത്തെ ദോഷകരമായി ബാധിക്കും. വാണിജ്യ-വ്യാപാര മേഖലയ്ക്ക് ഇത് തിരിച്ചടിയാകും. നിക്ഷേപകരെയും സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുമെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ചില്ലറ വില പണപ്പെരുപ്പം ആറ് ശതമാനമാകും. കറന്റ് അക്കൗണ്ട് ധനക്കമ്മി മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) മൂന്ന് ശതമാനമായി വര്‍ധിക്കുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി കണക്കാക്കുന്നു.
രാജ്യത്തെ ഇന്ധന ഉപഭോഗത്തിന്റെ 85 ശതമാനത്തിനും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ഇന്ധന വില 14 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കായ 140 ഡോളറിലേക്ക് എത്തി. അതിനാല്‍ തന്നെ സമീപ ഭാവിയില്‍ രാജ്യത്തെ ഇന്ധന വില കുതിച്ചുയരുമെന്നാണ് കരുതുന്നത്. സാധനങ്ങളുടെയാകെ വില വര്‍ധിക്കാന്‍ ഇത് ഇടയായേക്കും.