മത്സ്യബന്ധനവും കയറ്റുമതിയും: എംപിഇഡിഎ- എന്‍സിഡിസി ധാരണാപത്രത്തില്‍ ഒപ്പുവച്ചു

February 24, 2021 |
|
News

                  മത്സ്യബന്ധനവും കയറ്റുമതിയും: എംപിഇഡിഎ- എന്‍സിഡിസി ധാരണാപത്രത്തില്‍ ഒപ്പുവച്ചു

കൊച്ചി: കയറ്റുമതി സാധ്യതയുള്ള മത്സ്യബന്ധനത്തിനും മത്സ്യകൃഷിക്കുമായുള്ള വിവിധ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയും നാഷണല്‍ കോ-ഓപറേറ്റീവ് ഡെവലപ്മന്റ് കോര്‍പറേഷനും ധാരണാപത്രം ഒപ്പിട്ടു. എംപിഇഡിഎ ചെയര്‍മാന്‍ ശ്രീ കെ എസ് ശ്രീനിവാസ്, എന്‍സിഡിസി എംഡി ശ്രീ സുന്ദീപ് കുമാര്‍ നായക് എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.

സര്‍ക്കാരിന്റെ നയങ്ങള്‍ക്കനുസൃതമായി കയറ്റുമതി സാധ്യതയുള്ള സമുദ്രോത്പന്നങ്ങളുടെ ഉത്പാദനത്തിനായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലെ മികച്ച സാധ്യതയാണ് ഈ ധാരണാപത്രത്തിലൂടെ കൈവന്നിരിക്കുന്നതെന്ന് കെ എസ് ശ്രീനിവാസ് പറഞ്ഞു. ധാരണാപത്രപ്രകാരം എംപിഇഡിഎയും അനുബന്ധസ്ഥാപനങ്ങളായ നെറ്റ്ഫിഷ്, എന്‍എസിഎസ്എ, ആര്‍ജിസിഎ എന്നിവര്‍ക്കൊപ്പം എന്‍സിഡിസി സംയുക്തമായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കും. മത്സ്യബന്ധനത്തിന് ശേഷം ചെയ്യേണ്ട നടപടികള്‍, ഉത്പാദനത്തില്‍ ഏര്‍പ്പെടുത്തേണ്ട സാങ്കേതികത്വങ്ങള്‍ എന്നിവയ്ക്കായുള്ള ഉപദേശങ്ങളും ഈ പരിപാടികളിലൂടെ സഹകരണസംഘങ്ങള്‍ക്ക് ലഭിക്കും.

എംപിഇഡിഎയുടെ പക്കലുള്ള ക്ലസ്റ്ററുകളുടെ വിശദാംശങ്ങള്‍ എന്‍സിഡിസിയുമായി പങ്ക് വയ്ക്കും. ഇവ പരിശോധിച്ച് വിളവ് വര്‍ധിപ്പിക്കാനും കയറ്റുമതിയ്ക്കുതകുന്ന രീതിയില്‍ മത്സ്യങ്ങള്‍ സംരംക്ഷിക്കാനുമുള്ള മാര്‍ഗങ്ങളും എന്‍സിഡിസി നിര്‍ദ്ദേശിക്കും. എന്‍സിഡിസി അംഗീകൃത സഹകരണസംഘങ്ങള്‍ വഴിയുള്ള കയറ്റുമതിയും പ്രോത്സാഹിപ്പിക്കും.

മത്സ്യബന്ധന-സംസ്‌കരണ-വിപണന മേഖലയിലുള്ളവര്‍ക്കുള്ള ബോധവത്കരണം, പരിശീലന പരിപാടികള്‍, ക്രയശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ധാരണാപത്രത്തിലൂടെ കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട്. രാജ്യത്തിനകത്തും അന്താരാഷ്ട്രതലത്തിലുള്ള വിപണികളിലും മത്സ്യോത്പ്പന്നങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്നതിന് ധാരണാപത്രം അവസരം ഒരുക്കും. ഉത്പന്നങ്ങള്‍, സാങ്കേതികവിദ്യ, സംസ്‌കരണം, വിജ്ഞാനം, സേവനം എന്നിവ കാലാനുസൃതമായി വിവിധ രീതികളിലൂടെ അവതരിപ്പിക്കാനാണ് പദ്ധതി. കയറ്റുമതി ലക്ഷ്യം കൈവരിക്കുന്നതിനോടൊപ്പം കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം പ്രയോഗത്തില്‍ വരുത്താനും ഇരു സ്ഥാപനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കും.

ഈ പദ്ധതികള്‍ പ്രാബല്യത്തിലാക്കുന്നതിലുള്ള സാമ്പത്തിക ചെലവ് എന്‍സിഡിസിയും എംപിഇഡിഎയും അനുബന്ധ സ്ഥാപനങ്ങളും സംയുക്തമായി വഹിക്കും. ഇരു സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരടങ്ങുന്ന സംയുക്ത സമിതിയ്ക്ക് രൂപം നല്‍കാന്‍ ധാരണയായിട്ടുണ്ട്. പദ്ധതി തയ്യാറാക്കല്‍, നിരീക്ഷണം, നിയന്ത്രണം തുടങ്ങിയ കാര്യങ്ങളില്‍ ധാരണാപത്രപ്രകാരമുള്ള നടപടികള്‍ ഈ സമിതിയായിരിക്കും കൈക്കൊള്ളുന്നത്. മൂന്നു മാസത്തിലൊരിക്കല്‍ സമിതി ചേര്‍ന്ന് പുരോഗതി വിലയിരുത്താനാണ് തീരുമാനം. ഇരു സ്ഥാപനങ്ങളും സ്വന്തം നോഡല്‍ ഓഫീസര്‍മാരെ ഈ സമിതിയിലേക്ക് നിര്‍ദ്ദേശിക്കണം.

സമുദ്രോത്പന്ന കയറ്റുമതിയുടെ ഉന്നമനത്തിനായി വിവിധ തരം പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന നോഡല്‍ ഏജന്‍സിയാണ് കേന്ദ്രസര്‍ക്കാരിന്റെ വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള എംപിഇഡിഎ. സഹകരണ മേഖല അടിസ്ഥാനമാക്കി കൃഷി-ഭക്ഷ്യോത്പന്നങ്ങള്‍, വ്യവസായിക ഉത്പന്നങ്ങള്‍, ക്ഷീരോത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി, സംസ്‌കരണം, വിപണനം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാമ്പത്തിക സ്ഥാപനമാണ് എന്‍സിഡിസി.

Related Articles

© 2025 Financial Views. All Rights Reserved