റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ശമ്പളത്തില്‍ 12ാം വര്‍ഷവും മാറ്റമില്ല

June 24, 2020 |
|
News

                  റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ശമ്പളത്തില്‍ 12ാം വര്‍ഷവും മാറ്റമില്ല

മുംബൈ: റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ശമ്പളത്തില്‍ 12ാം വര്‍ഷവും മാറ്റമില്ല. മാര്‍ച്ച് 12 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം 15 കോടിയാണ് അദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം. എന്നാല്‍ കോവിഡുമായി ബന്ധപ്പെട്ട് 2019-20 സാമ്പത്തിക വര്‍ഷത്തിലെ വേതനം വേണ്ടെന്ന് നേരത്തെ തന്നെ അദ്ദേഹം തീരുമാനിച്ചിരുന്നു.

ശമ്പളം, ആനുകൂല്യങ്ങള്‍, കമ്മിഷന്‍ എന്നിവയുള്‍പ്പടെയാണ് 15 കോടി. എന്നാല്‍ അംബാനിയുടെ അടുത്ത ബന്ധുക്കളായ നിഖില്‍, ഹിതല്‍ മേസ്വാനി എന്നിവരടക്കമുള്ള ഡയറക്ടര്‍മാരുടെ വേതനത്തില്‍ വലിയ വര്‍ധനവും ഈ കാലത്തുണ്ടായിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്ന് തനിക്ക് വേതനം വേണ്ടെന്ന് അംബാനി തന്നെ സ്വയം തീരുമാനമെടുക്കുകയായിരുന്നുവെന്ന് കമ്പനി സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലുണ്ട്.

കമ്പനിയിലെ ജീവനക്കാരുടെ വേതനം 10 ശതമാനം മുതല്‍ 50 ശതമാനം വരെ വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ച ഘട്ടത്തിലാണ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി തനിക്ക് ഒരു രൂപ പോലും വേതനമായി വേണ്ടെന്ന് നിലപാടെടുത്തത്. ഇതിന് പിന്നാലെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരും 50 ശതമാനം വേതനം മതി തങ്ങള്‍ക്കെന്ന് നിലപാടെടുത്തിരുന്നു.

11 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള രാജ്യത്തെ ആദ്യത്തെ കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ജിയോ പ്ലാറ്റ്ഫോമിലേക്ക് ലഭിച്ച നിക്ഷേപങ്ങളും അവകാശ ഓഹരി വില്‍പനയും കമ്പനിയെ കടരഹിതമാക്കി മാറ്റുകയും ചെയ്തു. മാര്‍ച്ച് പകുതി മുതല്‍ ഓഹരി വില ഇരട്ടിയായതോടെയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഈ നേട്ടം കൈവരിച്ചത്. ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിന്റെ 24.71 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് വിറ്റതിലൂടെ 1,15,693.95 കോടി രൂപ ഈ കാലയളവില്‍ കമ്പനിക്ക് സമാഹരിക്കാനായി. അവകാശ ഓഹരി വില്‍പ്പന വഴി 53,124.20 കോടി രൂപയും കമ്പനി സമാഹരിച്ചു. മാര്‍ച്ച് 23-ന് 867 രൂപയായിരുന്നു ഓഹരിയുടെ വില. മൂന്നു മാസം കൊണ്ട് നിക്ഷേപകര്‍ക്ക് ഇരട്ടി നേട്ടമാണ് കമ്പനി നല്‍കിയത്. 2021 മാര്‍ച്ച് 31 ഓടെ കമ്പനിയെ കടരഹിതമാക്കാനുള്ള ലക്ഷ്യം അതിനും വളരെ മുമ്പുതന്നെ മുകേഷ് അംബാനി നിറവേറ്റി.

ലോകത്തിലെ തന്നെ ഏറ്റവും വലിയ പൊതു നിക്ഷേപ ഫണ്ടായ സൗദി അറേബ്യയുടെ പിഐഎഫാണ് അവസാനമായി ജിയോ പ്ലാറ്റ്‌ഫോമുകളില്‍ നിക്ഷേപം നടത്തിയത്. 11,367 കോടി രൂപ നിക്ഷേപിച്ച്, 2.32 ശതമാനം ഓഹരികളാണ് പിഐഎഫ് സ്വന്തമാക്കിയത്. ഒന്‍പത് ആഴ്ചക്കിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ പ്ലാറ്റ് ഫോമായ ജിയോയില്‍ എത്തുന്ന 11ാമത്തെ നിക്ഷേപമാണ് പിഐഎഫിന്റേത്.

ടിപിജി ക്യാപിറ്റല്‍, അബുദാബി ഇന്‍വെസ്റ്റ്മെന്റ അതോറിറ്റി, അബുദാബി സ്റ്റേറ്റ് ഫണ്ടായ മുബാദല ഇന്‍വെസ്റ്റ്മെന്റ്, ഫേസ്ബുക്ക്, സില്‍വര്‍ ലേക്ക് (രണ്ടു തവണ), വിസ്റ്റ ഇക്വിറ്റി പാര്‍ട്ണേഴ്സ്, ജനറല്‍ അറ്റ്ലാന്റിക്, കെ കെ ആര്‍, എന്നിവയാണ് ഇതിനോടകം ജിയോയില്‍ നിക്ഷേപം നടത്തിയിട്ടുള്ള സ്ഥാപനങ്ങള്‍. ഫേസ്ബുക്കാണ് ആദ്യം നിക്ഷേപം നടത്തിയത്. 43,574 കോടി രൂപക്ക് 9.9 ശതമാനം ഓഹരികളാണ് ഫേസ്ബുക്ക് വാങ്ങിയത്. ഈ നിക്ഷേപകര്‍ക്കെല്ലാം കൂടി ഇപ്പോള്‍ മുകേഷ് അംബാനിയുടെ ജിയോ പ്ലാറ്റ്ഫോമുകളില്‍ 24.71 ശതമാനം പങ്കാളിത്തമുണ്ട്.

രാജ്യത്തിന്റെ കോര്‍പ്പറേറ്റ് ചരിത്രത്തിലാദ്യമായാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങളില്‍നിന്നുള്‍പ്പടെ ചുരുങ്ങിയ കാലയളവില്‍ ഒരു കമ്പനി ഇത്രയും നിക്ഷേപം സമാഹരിക്കുന്നത്. 2020 ഏപ്രില്‍ 22നാണ് അംബാനി നിക്ഷേപമാകര്‍ഷിക്കാനുള്ള നീക്കമാരംഭിച്ചത്. ആഗോള കമ്പനികള്‍ തന്നെ ഒന്നിനു പിന്നാലെ മറ്റൊന്നെന്ന ക്രമത്തില്‍ തുടര്‍ച്ചയായി നിക്ഷേപകരായെത്തി.

ടെലികോം ഡിജിറ്റല്‍ മേഖലയെ വേര്‍തിരിച്ച് പുതിയ കമ്പനിയാക്കിയത് ഏറെ ഫലപ്രദമായെന്നു തെളിഞ്ഞു. ടെലികോം, ബ്രോഡ്ബാന്‍ഡ് ബിസിനസുകള്‍ ഉള്‍പ്പെടുന്ന വിവിധ ആപ്പുകള്‍, നിര്‍മിത ബുദ്ധി, ക്ലൗഡ് സംരംഭം തുടങ്ങിയവ ജിയോ പ്ലാറ്റ്ഫോമിനെ അതുല്യമാക്കി. സമാന്തരമായി രാജ്യത്തൊട്ടാകെയുള്ള ചെറുകിട കച്ചവടക്കാരെ ഉള്‍പ്പെടുത്തിയുള്ള സംരംഭത്തിന് ജിയോമാര്‍ട്ട് തുടക്കമിട്ടു. ജിയോമാര്‍ട്ട് മുംബൈയില്‍ തുടങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് രാജ്യമൊട്ടാകെ പ്രവര്‍ത്തനം വ്യാപിപ്പിച്ചത്.

രാജ്യത്തെതന്നെ ഏറ്റവും വലിയ സ്വകാര്യ സ്ഥാപനമായ റിലയന്‍സിന്റെ 2020 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തെ അറ്റാദായം 39,880 കോടി രൂപയാണ്. വരുമാനത്തിന്റെയും അറ്റാദായത്തിന്റെയും അടിസ്ഥാനത്തില്‍ ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 കമ്പനികളുടെ പട്ടികയില്‍ 106-ാം  സ്ഥാനമുണ്ടിപ്പോള്‍ റിലയന്‍സിന്. ഫോബ്സ് പട്ടികയില്‍ ആഗോളതലത്തില്‍ 71-ാമതാണു സ്ഥാനം, ഇന്ത്യയില്‍ ഒന്നാമതും.

Related Articles

© 2025 Financial Views. All Rights Reserved