
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റദായം 25 ശതമാനം വര്‍ധിച്ച് 1735 കോടി രൂപയിലെത്തി. 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇത് 1388 കോടി രൂപയായിരുന്നു. രണ്ടാം പാദത്തില്‍ അറ്റാദായം 2.5 ശതമാനം വര്‍ധിച്ച് 930.80 കോടിയായി ഉയര്‍ന്നു. കൈകാര്യം ചെയ്യുന്ന ആകെ വായ്പകള്‍ 29 ശതമാനം വര്‍ധനവോടെ 52,286 കോടി രൂപയിലുമെത്തിയിട്ടുണ്ട്. സംയോജിത ലാഭം 21 ശതമാനം വര്‍ധിച്ച് 1788 കോടി രൂപയിലും എത്തി. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസത്തിലെ സംയോജിത ലാഭം എട്ടു ശതമാനം വര്‍ധനവോടെ 930 കോടി രൂപയാണ് കുറിച്ചത്.
സ്വര്‍ണ പണയത്തിന്റെ കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന ത്രൈമാസ വര്‍ധനവായ 14 ശതമാനത്തോടെ 5739 കോടി രൂപയെന്ന നിലയില്‍ എത്താനായെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മുത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ എം ജി ജോര്‍ജ്ജ് മുത്തൂറ്റ് പറഞ്ഞു. വായ്പാ ആസ്തികളുടെ കാര്യത്തില്‍ 32 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 47,016 കോടി രൂപയിലും എത്താനായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ക്കുന്നതിനാലാണ് ഈ ത്രൈമാസത്തില്‍ തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. 4.40 ലക്ഷം വരുന്ന പുതിയ ഉപഭോക്താക്കള്‍ക്കായി 3653 കോടി രൂപയും നിര്‍ജ്ജീവമായിരുന്ന 4.67 ലക്ഷം ഉപഭോക്താക്കള്‍ക്കായി 3460 കോടി രൂപയും വായ്പയായി നല്‍കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ, മുത്തൂറ്റ് ഫിനാന്‍സ് സെക്യേര്‍ഡ് എന്‍സിഡി വഴി രണ്ടായിരം കോടി രൂപ സമാഹരിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 20 വരെയാണ് അപേക്ഷിക്കാനാവുക. തങ്ങളുടെ പബ്ലിക് ഇഷ്യൂവിന്റെ 23-ാമത് സീരിസ് വഴി ആയിരം രൂപ വീതം മുഖവിലയുള്ള എന്‍സിഡികളാണ് വിതരണം ചെയ്യുന്നത്. നൂറു കോടി രൂപയുടെ ഈ ഇഷ്യുവിലെ 1900 കോടി രൂപ വരെയുള്ള അധിക സമാഹരണവും കൈവശം വെക്കാന്‍ സാധിക്കും. ഈ കടപത്രങ്ങള്‍ ബിഎസ്ഇയില്‍ ലിസ്റ്റു ചെയ്യാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. 7.15 ശതമാനം മുതല്‍ എട്ടു ശതമാനം വരെ കൂപ്പണ്‍ നിരക്കുകള്‍ ഉള്ള ആറു വ്യത്യസ്ത നിക്ഷേപ പദ്ധതികളാണ് ഇഷ്യുവില്‍ ലഭ്യമായിട്ടുള്ളത്. കമ്പനിയുടെ വായ്പാ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഇഷ്യു വഴി ലഭിക്കുന്ന പണം പ്രാഥമികമായി ഉപയോഗിക്കുക.