
മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡിന്റെ നോണ്‍-കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചര്‍ (എന്‍സിഡി) ഇഷ്യു തുടങ്ങി. അഞ്ച് വര്‍ഷ കാലാവധിയുള്ള എന്‍സിഡി 9.62 ശതമാനം വരെ പലിശ നിരക്കാണ് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഇഷ്യു ഒക്ടോബര്‍ 23ന് അവസാനിക്കും. 27 മാസം മുതല്‍ 60 മാസം വരെയുള്ള കാലാവധികളില്‍ എന്‍സിഡി ലഭ്യമാകും. എന്‍സിഡ്ക്ക് എ റേറ്റിങ്ങാണ് ക്രിസില്‍ നല്‍കിയിരിക്കുന്നത്. 200 കോടി രൂപയുടേതാണ് ഇഷ്യു. മാസം/ത്രൈമാസം/ വാര്‍ഷികാടിസ്ഥാനത്തിലും കാലാവധി എത്തുമ്പോള്‍ ഒരുമിച്ചും പലിശ പിന്‍വലിക്കാം.മുത്തൂറ്റ് ഫിന്‍കോര്‍പ് പുറത്തിറക്കുന്ന ഏഴാമത്തെ എന്‍സിഡി ആണിത്. കഴിഞ്ഞ ആറ് വര്‍ഷങ്ങളില്‍ പുറത്തിറക്കിയ ആറ് എന്‍സിഡി ഇഷ്യു വഴി 1,940 കോടി രൂപ കമ്പനി സമാഹരിച്ചു.
പബ്ലിക് ഇഷ്യു അഥവാ പ്രൈവറ്റ് പ്ലെയ്സ്മെന്റ് വഴി ധനസമാഹരണം നടത്തുന്നതിനായി കമ്പനികള്‍ ഒരു പ്രത്യേക കാലാവധിയിലേക്ക് ഇഷ്യു ചെയ്യുന്ന സാമ്പത്തിക ഉപകരണങ്ങളാണ് നോണ്‍-കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ ( എന്‍സിഡി ). ഓഹരികള്‍ ആക്കി മാറ്റാനാകാത്ത കടപത്രങ്ങളാണ് എന്‍സിഡികള്‍. ബാങ്ക് സ്ഥിര നിക്ഷേപം പോലുള്ള ഒരു സ്ഥിര നിക്ഷേപമാണിത്. എന്‍സിഡികള്‍ ഓഹരി വിപണിയില്‍ വ്യാപാരം ചെയ്യാം.
സാധാരണ ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് എന്‍ഡികള്‍ വാഗ്ദാനം ചെയ്യുന്നത്. അതിനാല്‍ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറഞ്ഞ് വരുന്ന നിലവിലെ സാഹചര്യത്തില്‍ എന്‍സിഡി നിക്ഷേപങ്ങള്‍ കൂടുതല്‍ ആകര്‍ഷകമായിട്ടുണ്ട്. മാത്രമല്ല വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനാല്‍ ആവശ്യമുള്ളപ്പോള്‍ എന്‍സിഡി വിറ്റുമാറാം. കമ്പനികളുടെ റേറ്റിങ് നോക്കി വേണം ഡിബഞ്ചറുകളില്‍ നിക്ഷേപിക്കുന്നത്. എന്‍സിഡികളില്‍ നിന്നും ലഭിക്കുന്ന പലിശ വരുമാനത്തിന് നികുതി ബാധകമാണ്. നിക്ഷേപകന്റെ ആദായ നികുതി സ്ലാബ് നിരക്കിന് അനുസരിച്ചായിരിക്കും ഇത്.