
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിപണിയിലെ ചാഞ്ചാട്ടം തുടരുന്നതിനിടെ മ്യൂച്വല്‍ ഫണ്ടുകളിലെ ഫോളിയോകളുടെ എണ്ണം 9 കോടി മറികടന്നു. ഏപ്രില്‍ മാസത്തില്‍ ഏഴ് ലക്ഷം നിക്ഷേപ അക്കൗണ്ടുകള്‍ ആണ് പുതിയതായി കൂട്ടി ചേര്‍ത്തത്. ഫോളിയോകളുടെ എണ്ണത്തില്‍ വളര്‍ച്ച പ്രകടമാകുന്ന തുടര്‍ച്ചയായ എഴുപത്തിയൊന്നാമത്തെ മാസമാണ് ഇതെന്ന് മ്യൂച്വല്‍ ഫണ്ടുകളുടെ സംഘടനയായ ആംഫി പറഞ്ഞു.വ്യക്തിഗത നിക്ഷേപ അക്കൗണ്ടുകള്‍ക്ക് നല്‍കുന്ന പ്രത്യേക നമ്പറുകളാണ് ഫോളിയോകള്‍. ഒരു നിക്ഷേപകന് ഒന്നിലേറെ ഫോളിയോകള്‍ ഉണ്ടാകാം.
ഏപ്രില്‍ അവസാനത്തോടെ 44 ഫണ്ട് ഹൗസുകളുടെയും കൂടി മൊത്തം ഫോളിയോകളുടെ എണ്ണം 9,04,28,589 ആയി ഉയര്‍ന്നു. മാര്‍ച്ച് അവസാനത്തോടെ ഇത് 8,97,46,051 ആയിരുന്നു. മാര്‍ച്ചില്‍ 9 ലക്ഷത്തോളം നിക്ഷേപ അക്കൗണ്ടുകള്‍ ആണ് മ്യൂച്വല്‍ ഫണ്ടുകള്‍ കൂട്ടിചേര്‍ത്തത്. ഫെബ്രുവരിയില്‍ 3 ലക്ഷം ഫോളിയോകളും ജനുവരിയില്‍ 14 ലക്ഷം ഫോളിയോകളും ചേര്‍ത്തിരുന്നു.