
ന്യൂഡല്‍ഹി: രാജ്യത്തെ 53000 സ്റ്റാര്‍ട്ടപ്പുകളിലൂടെ 5.7 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി അംഗം മനോജ് കിഷോര്‍ഭായി കൊടാകാണ് ചോദ്യം ചോദിച്ചത്. ഇദ്ദേഹം ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി അംഗം കൂടിയാണ്. പ്രത്യക്ഷമായും പരോക്ഷമായും സ്റ്റാര്‍ട്ടപ്പുകള്‍ എത്ര പേര്‍ക്ക് തൊഴില്‍ നല്‍കിയെന്നായിരുന്നു ചോദ്യം. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സ്റ്റാര്‍ട്ടപ്പുകളെ പ്രൊമോട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ എന്തൊക്കെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു.
വാണിജ്യ വ്യവസായ വകുപ്പ് സഹമന്ത്രി സോം പ്രകാശാണ് മറുപടി നല്‍കിയത്. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്റസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ് 52391 സ്റ്റാര്‍ട്ടപ്പുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം മറുപടിയില്‍ പറഞ്ഞു. 2021 ജൂലൈ 14 വരെ 53 സ്റ്റാര്‍ട്ടപ്പുകളുടെ മൂല്യം 1.4 ലക്ഷം കോടിയാണെന്ന് മന്ത്രി പറഞ്ഞു. അര ലക്ഷത്തിലേറെ സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്തെ 5.7 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. 2016 ലാണ് കേന്ദ്രസര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പ്രൊജക്ടിന് രൂപം നല്‍കിയത്. ഈ വര്‍ഷം ജനുവരിയില്‍ ആയിരം കോടി രൂപ സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ സീഡ് ഫണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചിരുന്നു.