ഇന്‍ഷുറന്‍സ് മേഖലയില്‍ പുതിയ പോളിസികളില്‍ നിന്നുള്ള പ്രീമിയം വരുമാനത്തില്‍ വര്‍ധന; സെപ്തംബറിനെ അപേക്ഷിച്ച് 26 ശതമാനം ഉയര്‍ച്ച

October 09, 2020 |
|
News

                  ഇന്‍ഷുറന്‍സ് മേഖലയില്‍ പുതിയ പോളിസികളില്‍ നിന്നുള്ള പ്രീമിയം വരുമാനത്തില്‍ വര്‍ധന; സെപ്തംബറിനെ അപേക്ഷിച്ച് 26 ശതമാനം ഉയര്‍ച്ച

ഇന്‍ഷുറന്‍സ് മേഖലയില്‍ പുതിയ പോളിസികളില്‍ നിന്നുള്ള പ്രീമിയം വരുമാനത്തില്‍ വര്‍ധന. കഴിഞ്ഞ സെപ്തംബറിനെ അപേക്ഷിച്ച് 26 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 25,366.3 കോടി രൂപയാണ് കഴിഞ്ഞ മാസം ആദ്യ പ്രീമിയം ഇനത്തില്‍ നേടാനായത്. 2019 സെപ്തംബറില്‍ ഇത് 20,056.7 കോടി രൂപയായിരുന്നു. അതേസമയം കഴിഞ്ഞ ആറുമാസത്തെ കണക്കെടുക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പ്രീമിയം വരുമാനം കുറഞ്ഞു.

ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സിലിന്റെ കണക്കു പ്രകാരം സെപ്തംബര്‍ വരെയുള്ള ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പ്രീമിയം വരുമാനം 1,24,728 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ ഇത് 1,25,758 കോടി രൂപയായിരുന്നു. 0.82 ശതാനത്തിന്റെ കുറവ്. ഇന്‍ഡിവിജ്വല്‍ നോണ്‍ സിംഗ്ള്‍ പ്രീമിയം വിഭാഗത്തില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ സിംഗ്ള്‍ പ്രീമിയം വിഭാഗത്തിന് മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചതെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ വ്യക്തമാക്കുന്നു.

കോവിഡ് മഹാമാരി പടരുന്ന സാഹചര്യത്തില്‍ ടേം ഇന്‍ഷുറന്‍സിന് വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നീണ്ട കാലത്തേക്കുള്ള ഇന്‍ഷുറന്‍സ് പോളിസികളോട് ആളുകള്‍ക്ക് അത്ര താല്‍പ്പര്യം പോരെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്‍ഡിവിജ്വല്‍ നോണ്‍ സിംഗ്ള്‍ പ്രീമിയം വിഭാഗത്തില്‍ 16 ശതമാനം വര്‍ധനയാണ് ഇക്കഴിഞ്ഞ അര്‍ധവാര്‍ഷികത്തില്‍ നേടിയത്. സ്വകാര്യ കമ്പനികളുടെ വരുമാനത്തിലും വര്‍ധനയുണ്ടായി. ഏപ്രില്‍-സെപ്തംബര്‍ കാലയളവില്‍ 36,709.63 കോടി രൂപ ആദ്യ പ്രീമിയം വരുമാനമുണ്ടാക്കിയ കമ്പനികള്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയിരുന്നത് 35,777.88 കോടി രൂപയായിരുന്നു. 2.60 ശതമാനം വര്‍ധനയാണിത്.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ പ്രീമിയം വരുമാനത്തില്‍ കുറവാണുണ്ടായത്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 88018.01 കോടി രൂപ നേടിയ എല്‍ഐസി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 89980.22 കോടി രൂപ നേടിയിരുന്നു. ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, മാക്സ് ലൈഫ് ഇന്‍ഷുറന്‍സ്, എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ സ്വകാര്യ കമ്പനികളെല്ലാം വര്‍ധന നേടി.

Related Articles

© 2025 Financial Views. All Rights Reserved