
കൊച്ചി: ഓണ്‍ലൈന്‍, ടെലി മാര്‍ക്കറ്റിങ് വ്യാപാര മേഖലകളെക്കൂടി ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച ഉപഭോക്തൃ സംരക്ഷണ ബില്‍ 20 നു പ്രാബല്യത്തില്‍ വരും.1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിനു പകരമായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പുറത്തിറക്കിയ പുതിയ ബില്ലിനു രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരുന്നു. നിലവിലെ ജില്ലാ ഉപഭോക്തൃ ഫോറങ്ങള്‍ ഉപഭോക്തൃ കമ്മിഷനുകളാകുന്നു. ഇവയ്ക്കു മുകളില്‍ സംസ്ഥാന കമ്മിഷന്‍, ദേശീയ കമ്മിഷന്‍ എന്നിവയുണ്ടാവും.
1 കോടി രൂപ വരെ വരുന്ന പരാതികള്‍ ജില്ലാ കമ്മിഷനുകളിലും 10 കോടി വരെയുള്ളതു സംസ്ഥാന കൗണ്‍സിലും അതിനു മുകളില്‍ ദേശീയ കൗണ്‍സിലും പരിഗണിക്കും. പരാതികളില്‍ 30 ദിവസത്തിനകം തീര്‍പ്പാക്കണം. മധ്യസ്ഥത ചര്‍ച്ചകളിലൂടെയുള്ള തര്‍ക്ക പരിഹാരത്തിനു പുതിയ നിയമം അംഗീകാരം നല്‍കുന്നു.ഉല്‍പന്നം വാങ്ങിയ സ്ഥലത്തോ നിര്‍മാതാവിന്റെ റജിസ്റ്റേഡ് ഓഫിസ് ഉള്ളിടത്തോ പരാതി നല്‍കണമെന്ന വ്യവസ്ഥയ്ക്കു പകരം ഉപഭോക്താവിന്റെ ജില്ലയിലോ ജോലി സ്ഥലത്തോ ഇനി പരാതി നല്‍കാം.
ഇ ഫയലിങും വീഡിയോ കോള്‍ വഴിയുള്ള തെളിവെടുപ്പും അനുവദനീയമാണ്. പിഴത്തുകയുടെ 50% കെട്ടിവച്ചാലേ അപ്പീല്‍ പോകാനാകൂ. ദേശീയതലത്തില്‍ സ്വതന്ത്ര അന്വേഷണ അധികാരത്തോടെ സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി രൂപീകരിക്കാനും നിര്‍ദേശമുണ്ട്.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയാല്‍ പിഴയും തടവും ലഭിക്കും. ഉപഭോക്താവു നല്‍കുന്ന വിവരങ്ങള്‍ നിയമപരമല്ലാതെ മറ്റൊരാള്‍ക്കു കൈമാറിയാലും ശിക്ഷ ഉറപ്പുനല്‍കുന്നു. അതേ സമയം ഇകോമേഴ്‌സുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ലെന്നു നിയമത്തെക്കുറിച്ച് ആക്ഷേപമുണ്ട്.