
വില്‍പ്പനയില്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് ഉല്‍പാദനച്ചെലവ് അഞ്ചിലൊന്നായി കുറയ്ക്കുമെന്ന് നിസാന്‍ മോട്ടോര്‍ കമ്പനി വ്യാഴാഴ്ച അറിയിച്ചു. സ്ഥിര ചെലവ് 300 ബില്യണ്‍ യെന്‍ (2.8 ബില്യണ്‍ ഡോളര്‍) കുറയ്ക്കാന്‍ ഇത് സഹായിക്കും. മുന്‍കാലത്തെ അമിതമായ വിപുലീകരണത്തിന് വിരുദ്ധമായി സ്ഥിരമായ വളര്‍ച്ച ഉറപ്പാക്കാനാണ് പുതിയ നാലുവര്‍ഷത്തെ പദ്ധതിയുടെ ലക്ഷ്യമെന്ന് ജാപ്പനീസ് കമ്പനി പറഞ്ഞു. മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍ 40.5 ബില്യണ്‍ യെന്‍ (376 മില്യണ്‍ ഡോളര്‍) പ്രവര്‍ത്തന നഷ്ടം നിസ്സാന്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രഖ്യാപനം.
വടക്കുകിഴക്കന്‍ കാറ്റലോണിയ മേഖലയിലെ നിര്‍മാണശാലകള്‍ അടച്ചുപൂട്ടാന്‍ ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസ്സാന്‍ മോട്ടോര്‍ കമ്പനി തീരുമാനിച്ചതായും മൂവായിരത്തോളം പേരുടെ നേരിട്ടുള്ള ജോലി നഷ്ടപ്പെട്ടതായും സ്പെയിന്‍ സര്‍ക്കാര്‍ അറിയിച്ചു. പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ വകവയ്ക്കാത്ത കമ്പനിയുടെ തീരുമാനത്തില്‍ ഖേദിക്കുന്നുവെന്നും ബദല്‍ മാര്‍ഗങ്ങള്‍ പരിഗണിക്കാന്‍ കാര്‍ നിര്‍മാതാക്കളുടെ എക്‌സിക്യൂട്ടീവുകളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും സ്പെയിന്‍ വ്യവസായ മന്ത്രാലയം വ്യാഴാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
കമ്പനി ബാഴ്സലോണയിലെ കാര്‍ നിര്‍മാണ പ്ലാന്റും അടുത്തുള്ള പട്ടണങ്ങളിലെ രണ്ട് ചെറിയ ഫാക്ടറികളും അടച്ചാല്‍ നിസ്സാന്റെ പ്രാദേശിക വിതരണ ശൃംഖലയില്‍ 20,000 തൊഴിലുകള്‍ കൂടി നഷ്ടപ്പെടുമെന്ന് തൊഴിലാളി യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കമ്പനി ആഴത്തിലുള്ള പുന: സംഘടനയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ചൈന, വടക്കേ അമേരിക്ക, ജപ്പാന്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് യൂറോപ്യന്‍ വിപണി, റഷ്യ, തെക്കേ അമേരിക്ക, വടക്കേ ആഫ്രിക്ക എന്നിവ തങ്ങളുടെ പങ്കാളിയായ റെനോയ്ക്ക് വിട്ടുകൊടുക്കാനാണ് നിസ്സാന്റെ തീരുമാനം.
രാജ്യത്തെ ഭൂരിഭാഗം വാഹന നിര്‍മ്മാതാക്കളും തങ്ങളുടെ വില്‍പ്പന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. നിസ്സാനും ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചു. കൂടുതല്‍ സാങ്കേതിക മികവോടെയാണ് നിസാന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുങ്ങിയിരിക്കുന്നത്. കാര്‍ വാങ്ങുന്നതിനും ബുക്കിങ്ങിനും പുതിയ ഡിജിറ്റല്‍ സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്. വെര്‍ച്വല്‍ ഷോറൂം സംവിധാനവുമായിട്ടാണ് നിസാന്റെ വരവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ നിസ്സാന്‍ കിക്സ് 2020ന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങും മറ്റും വെര്‍ച്വല്‍ ഷോറൂം വഴിയും നടത്താം. ഈ സംവിധാനത്തില്‍ തന്നെ ഫിനാന്‍സ് സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്.