
മുംബൈ: ഉരുക്ക്, ചെമ്പ്, അസംസ്‌കൃത എണ്ണ തുടങ്ങിയ ചരക്കുകളുടെ ആഗോള വിലയില്‍ ഗണ്യമായ വര്‍ധനവുണ്ടായതിനെ തുടര്‍ന്ന് വാഹനങ്ങളുടെ വില ഉയര്‍ത്തുകയാണെന്ന് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. ഏപ്രില്‍ മുതലാകും വിലയില്‍ മാറ്റം ഉണ്ടാകുക. ജപ്പാനിലെ നിസ്സാന്‍ മോട്ടോര്‍ കമ്പനിയുടെ ഇന്ത്യന്‍ വിഭാഗമായ കമ്പനി വിലവര്‍ദ്ധനവിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. അടുത്ത മാസം വില ഉയര്‍ത്താനുള്ള തീരുമാനം മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിസാന്റെയും അറിയിപ്പ് പുറത്തുവരുന്നത്. മറ്റ് കാര്‍ നിര്‍മ്മാതാക്കളും ഇത് പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ കോംപാക്റ്റ് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ മാഗ്‌നൈറ്റിനോടുള്ള ഉപഭോക്തൃ പ്രതികരണത്തിലെ പ്രചോദനം ഉള്‍ക്കൊണ്ട് നിസ്സാന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും ആയിരത്തോളം താല്‍ക്കാലിക തൊഴിലാളികളെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. തമിഴ്‌നാട് ആസ്ഥാനമായുള്ള നിര്‍മാണ പ്ലാന്റിന്റെ ശേഷിയും വര്‍ധിപ്പിക്കും. ഷോറൂമുകളില്‍ കൂടുതല്‍ സെയില്‍സ്, സര്‍വീസ് എക്‌സിക്യൂട്ടീവുകളെ നിയമിക്കാനും കമ്പനി ഡീലര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, നിലവിലെ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ വില്‍പ്പനയില്‍ ഇരട്ട അക്ക വളര്‍ച്ചയുണ്ടായെങ്കിലും വാഹന നിര്‍മാതാക്കളുടെ പ്രവര്‍ത്തന ലാഭവും മാര്‍ജിനുകളും അടുത്ത പാദത്തിലും 2022 സാമ്പത്തിക വര്‍ഷത്തിലും കുറയും, വരും കാലയളവില്‍ കമ്മോഡിറ്റി നിരക്കുകളുടെ വര്‍ധനയും മറ്റ് ചെലവുകളുടെ ആഘാതവും നികത്താന്‍ കമ്പനികള്‍ക്ക് ബുദ്ധിമുട്ടായിരിക്കുമെന്നാണ് പ്രവചനങ്ങള്‍.