ബിആര്‍ ഷെട്ടിയില്‍ നിന്നും 1913 കോടി രൂപ തിരിച്ചുപിടിക്കാനുള്ള നടപടിയുമായി ബാങ്ക് ഓഫ് ബറോഡ; നിയമ നടപടിയില്‍ കുരുങ്ങി ഷെട്ടി

May 20, 2020 |
|
News

                  ബിആര്‍ ഷെട്ടിയില്‍ നിന്നും 1913 കോടി രൂപ തിരിച്ചുപിടിക്കാനുള്ള നടപടിയുമായി ബാങ്ക് ഓഫ് ബറോഡ;  നിയമ നടപടിയില്‍ കുരുങ്ങി ഷെട്ടി

മുംബൈ: എന്‍എംസി സ്ഥാപകന്‍ ബിആര്‍ ഷെട്ടിയില്‍ നിന്നും അദ്ദേഹത്തിന്റെ കമ്പനികളില്‍ നിന്നും 250 മില്യണ്‍ ഡോളറിലധികം വരുന്ന വായ്പ തിരിച്ചുപിടിക്കാന്‍ ബാങ്ക് ഓഫ് ബറോഡ ശ്രമം തുടങ്ങി. നിയമ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ സ്വത്തുക്കള്‍ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ഷെട്ടിക്കും ഭാര്യയ്ക്കും കോടതിയുടെ വിലക്കുണ്ട്.

19.13 ബില്യണ്‍ രൂപ/1913 കോടി രൂപ വായ്പയ്ക്കായി ബെംഗളൂരു ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ നഗരങ്ങളിലായി 16 സ്വത്തുവകകളാണ്  ഷെട്ടിയും ഭാര്യയും ബാങ്കില്‍ ഗ്യാരന്റിയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേസില്‍ അടുത്ത വാദം ജൂണ്‍ എട്ടിന് ബാംഗ്ലൂര്‍ കോടതിയില്‍ നടക്കാനിരിക്കെയാണ് ബാങ്കിന്റെ നടപടി.

യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ഹോസ്പിറ്റല്‍ ശൃംഖലയായ എന്‍എംസിയെ മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കു ശേഷമാണ് ഏപ്രിലിലാണ് പുതിയൊരു ഭരണ സമിതിക്കു കീഴിലേക്ക് മാറ്റിയത്. നേരത്തെ നല്‍കിയ കണക്കുകള്‍ പ്രകാരം കമ്പനിയുടെ കടബാധ്യത 2.1 ബില്യണ്‍ ഡോളറായിരുന്നെങ്കിലും ഇക്കഴിഞ്ഞ മാര്‍ച്ചില്‍, 6.6 ബില്യണ്‍ ഡോളറിന്റെ കടമുണ്ടെന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നു.

നേരത്തെ റിപ്പോര്‍ട്ടുചെയ്തതിനേക്കാള്‍ ഒരു ബില്യണ്‍ ഡോളറിലധികം കടബാധ്യതയുണ്ടെന്നാണ് ഷെട്ടിക്ക് നിയന്ത്രണ പങ്കാളിത്തമുള്ള ധനകാര്യസ്ഥാപനമായ ഫിനാബ്ലര്‍ കഴിഞ്ഞ ഏപ്രിലില്‍ പറഞ്ഞത്.

ലോണിന് ഗ്യാരണ്ടിയായി ബാങ്കില്‍ പണയം വെച്ച 16 സ്വത്തുവകകള്‍ ബാങ്കിന് കൈമാറാന്‍ ഷെട്ടി ബാധ്യസ്ഥനാണെന്നു കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബാങ്ക് ഓഫ് ബറോഡ വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരിക്കാന്‍ ഷെട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങളോ ബാങ്കോ തയ്യാറായിട്ടില്ല. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Related Articles

© 2025 Financial Views. All Rights Reserved