
നോക്കിയ 4.2 ഒടുവില്‍ ഇന്ത്യന്‍ വിപണിയിലെത്തി. രാജ്യത്തെ പ്രമുഖ മൊബൈല്‍ ഫോണ്‍ കമ്പനിയായ എച്ച്എംഡി ഗ്ലോബല്‍ ആണ് നോക്കിയ 4.2 വിനെ വിപണിയില്‍ അവതരിപ്പിച്ചത്. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് വണ്‍ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നോക്കിയ 4.2 ഈ വര്‍ഷം ഫെബ്രുവരിയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചിരുന്നു.
ഇന്ത്യയിലെ നോക്കിയ 4.2 വിന്റെ വില നിലവില്‍ 3 ജിബി + 32 ജിബി വേരിയന്റിനായി 10,990 രൂപയാണ്. കമ്പനി ഈ സമയം 2 ജിബി റാം വേരിയന്റ് ലോഞ്ച് ചെയ്തിട്ടില്ല. കറുപ്പ്, പിങ്ക്, സാന്‍ഡ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. നോക്കിയ 4.2 കമ്പനി സ്വന്തം ഓണ്‍ലൈന്‍ സ്റ്റോറില്‍ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. അതിന് ശേഷം മെയ് 14 മുതല്‍ ക്രോമ, റിലയന്‍സ്, സംഗീത, പൂവിക, ബിഗ് സി, മൈജി തുടങ്ങി നിരവധി റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാണ്. രാജ്യത്തെ എല്ലാ പ്രധാന റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലേക്കും മേയ് 21 ന് വില്‍പന നടത്തും.
കമ്പനിയുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ മുഖേന നോക്കിയ 4.2 വാങ്ങുമ്പോള്‍ 500 തല്‍ക്ഷണ കിഴിവ് ലഭിക്കും. 2019 ജൂണ്‍ 10 വരെ ഉപഭോക്താക്കള്‍ക്ക് പ്രൊമോ കോഡും ലോഞ്ച് ഓഫറും ഉപയോഗിക്കാം. കൂടാതെ വോഡഫോണ്‍ ഐഡിയ വരിക്കാര്‍ക്ക് 50 രൂപയുടെ വൗച്ചറുകളിലൂടെ 2,500 ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കും. 13എംപി + 2 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഫോണിനുള്ളത്. എട്ട് മെഗാപിക്സലിന്റേതാണ് സെല്‍ഫിക്യാമറ. 3000എംഎഎച്ച് ശേഷിയുള്ളതാണ് ബാറ്ററി.