
2021ല്‍ അതിവേഗം വളരുന്ന ഏഷ്യന്‍ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് നോമുറ. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ മൊത്ത ആഭ്യന്തര ഉത്പാദനമായ (ജിഡിപി) 2021ല്‍ 9.9 ശതമാനമായി വളരുമെന്നും ചൈനയുടെ ജിഡിപി 2021ല്‍ 9 ശതമാനവും സിംഗപ്പൂരിന്റെ വളര്‍ച്ച 7.5 ശതമാനവുമായിരിക്കുമെന്ന് വിദേശ ഗവേഷണ-ബ്രോക്കറേജ് സ്ഥാപനമായ നോമുറ വ്യക്തമാക്കി.
രാജ്യം വീണ്ടെടുക്കലിന്റെ പാതയിലാണെന്നും നോമുറ പറഞ്ഞു. രണ്ടാം പാദത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിലും തീവ്രമായ തിരിച്ചുവരവ് നടത്തിയത് മിക്ക വിശകലന വിദഗ്ധരെയും അത്ഭുതപ്പെടുത്തി. ഉദാഹരണത്തിന്, ഫിച്ച് റേറ്റിംഗ്‌സ് ജിഡിപി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 9.4 ശതമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2021 ല്‍ അതിവേഗം വളരുമെന്ന പ്രവചനം അതിന്റേതായ വെല്ലുവിളികളും ഉയര്‍ത്താന്‍ സാധ്യതയുണ്ട്. അനൗപചാരിക മേഖലയിലെ വീണ്ടെടുക്കലിന്റെ വേഗത കുറയുന്നത് ആളോഹരി വരുമാനം കുറയ്ക്കുന്നതിനും ഉയര്‍ന്ന അസമത്വം, ഗവണ്‍മെന്റിന്റെ കൂടുതല്‍ ജനകീയ ചെലവുകള്‍ക്കുള്ള സമ്മര്‍ദ്ദം, സാമൂഹിക പിരിമുറുക്കങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്നും സൂചിപ്പിക്കുന്നു. ആഗോള വളര്‍ച്ച 2020ലെ 3.7 ശതമാനത്തില്‍ നിന്ന് 2021 ല്‍ 5.6 ശതമാനമായി ഉയരുമെന്നും നോമുറ പ്രതീക്ഷിക്കുന്നു.