
മുംബൈ: യൂറോപ്പ്, ചൈന എന്നിവിടങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ പ്രകൃതിവാതക വില റെക്കോഡ് നിലയില്‍. ഇതിന്റെ ചുവടുപിടിച്ച് ഉപയോക്താക്കള്‍ പെട്രോള്‍, ഡീസല്‍ എന്നിവയിലേക്ക് തിരിയുന്നത് അസംസ്‌കൃത എണ്ണവിലയും ഉയരാന്‍ കാരണമായി. അന്താരാഷ്ട്രതലത്തില്‍ യൂറോപ്പിലും ചൈനയിലും ഊര്‍ജ ക്ഷാമം രൂക്ഷമാണ്. ലോക് ഡൗണിനുശേഷം ആഗോളതലത്തില്‍ വിപണികള്‍ തുറന്നതും ഇന്ധന ഉപയോഗം വര്‍ധിപ്പിച്ചു.
എണ്ണയുത്പാദനം നേരത്തേ പ്രഖ്യാപിച്ചത്ര വേഗത്തില്‍ കൂട്ടേണ്ടെന്ന് ഒപെക് പ്ലസ് രാജ്യങ്ങള്‍ തീരുമാനിച്ചതാണ് അസംസ്‌കൃത എണ്ണവില ഉയരാന്‍ കാരണമായത്. അന്താരാഷ്ട്ര ഊര്‍ജക്ഷാമം സ്ഥിതി രൂക്ഷമാക്കി. യൂറോപ്പില്‍ പ്രകൃതിവാതക ലഭ്യത കുറഞ്ഞതോടെ പെട്രോളിയം ഇന്ധനങ്ങളുടെ ഉപയോഗം കൂടി. പ്രകൃതിവാതക വിലയില്‍ 300 ശതമാനം വരെയാണ് വര്‍ധനയുണ്ടായിട്ടുള്ളത്. 2014-നു ശേഷമുള്ള ഉയര്‍ന്ന വിലയാണിത്
പ്രകൃതിവാതക ഉപയോഗം കുറയുകയും പെട്രോള്‍, ഡീസല്‍ ഉപയോഗം കൂടുകയും ചെയ്താല്‍ സ്ഥിതി കൂടുതല്‍ രൂക്ഷമായേക്കാമെന്ന് ഈ രംഗത്തുള്ളവര്‍ മുന്നറിയിപ്പു നല്‍കുന്നു. അങ്ങനെവന്നാല്‍ ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണയുടെ ഉപയോഗത്തില്‍ ദിവസം 20 ലക്ഷം ബാരലിന്റെ വര്‍ധനയുണ്ടാകും. തണുപ്പുകാലം വരാനിരിക്കുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. യൂറോപ്പില്‍ ഏതാനും മാസം മുമ്പുതന്നെ പ്രകൃതിവാതക വില ഉയര്‍ന്നുതുടങ്ങിയിരുന്നു.
അസംസ്‌കൃത എണ്ണവില തിങ്കളാഴ്ച ബാരലിന് രണ്ടു ഡോളറിലധികം വര്‍ധിച്ച് 84.60 ഡോളര്‍ വരെയെത്തി. ഏഴുവര്‍ഷത്തെ ഉയര്‍ന്ന വിലനിലവാരമാണിത്. സമീപഭാവിയിലിത് 150 മുതല്‍ 180 ഡോളര്‍ വരെ എത്തിയേക്കുമെന്ന് ജെ.പി. മോര്‍ഗന്‍ പോലുള്ള ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കി. അതിനിടെ, നൈജീരിയ എണ്ണയുത്പാദനം വര്‍ധിപ്പിക്കാന്‍ തയ്യാറായിട്ടുണ്ട്. അടുത്തിടെ വരുത്തിയ നിയമഭേദഗതിയുടെ ചുവടുപിടിച്ച് ഉത്പാദനം 310 ശതമാനം വരെ ഉയര്‍ത്താനാണ് തീരുമാനം. ഉത്പാദനം 13 ലക്ഷം ബാരലില്‍ നിന്ന് 40 ലക്ഷം ബാരല്‍ വരെയാക്കാനാണ് പദ്ധതി.