ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ വില്‍പ്പന തീയ്യതി മാറ്റി

September 11, 2021 |
|
News

                  ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ വില്‍പ്പന തീയ്യതി മാറ്റി

ഒലയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ വില്‍പ്പന തീയ്യതി മാറ്റി. സെപ്റ്റംബര്‍ 15 രാവിലെ എട്ടുമണിക്ക് ആദ്യ വില്‍പ്പന നടത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഒലയുടെ തീയതി മാറ്റം. വാഹന വില്‍പ്പന സെപ്റ്റംബര്‍ എട്ടിന് ആരംഭിക്കുമെന്നും ഒക്ടോബര്‍ മുതല്‍ പുതിയ സ്‌കൂട്ടറുകള്‍ ഉടമസ്ഥര്‍ക്കു കൈമാറുമെന്നുമായിരുന്നു ഓല ഇലക്ട്രിക്കിന്റെ വാഗ്ദാനം.  എന്നാല്‍ സാങ്കേതിക തകരാറുകള്‍ മൂലം ഇ സ്‌കൂട്ടറുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിക്കുന്നത് 15നു മാറ്റുകയാണെന്ന് ഓല ചെയര്‍മാനും ഗ്രൂപ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ ഭവിഷ് അഗര്‍വാള്‍ അറിയിക്കുകയായിരുന്നു. സ്‌കൂട്ടര്‍ വാങ്ങാനായി മണിക്കൂറുകളോളം കാത്തിരുന്നവരോട് അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു. വെബ്‌സൈറ്റിന്റെ ഗുണനിലവാരം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നും അദ്ദേഹം അംഗീകരിച്ചു.

പൂര്‍ണമായും ഡിജിറ്റല്‍ ശൈലിയിലുള്ള വില്‍പ്പന നടപടികളാവും ഓല പിന്തുടരുകയെന്ന് അഗര്‍വാള്‍ അറിയിച്ചു. വാഹന വായ്പയ്ക്കുള്ള നടപടിക്രമങ്ങള്‍ പോലും പൂര്‍ണമായും ഡിജിറ്റല്‍ രീതിയിലാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതാദ്യമായി ഡിജിറ്റല്‍ രീതിയില്‍ വാഹനം വാങ്ങാന്‍ അവസരമൊരുക്കാനാണ് ഓല ശ്രമിച്ചതെന്നും ആ ഉദ്യമം നടപ്പാക്കാനായില്ലെന്നും അഗര്‍വാള്‍ വിശദീകരിച്ചു. തകരാറുകള്‍ പരിഹരിക്കാന്‍ ഒരാഴ്ചയെടുക്കുമെന്നാണു കരുതുന്നത്. അതിനാല്‍ സെപ്റ്റംബര്‍ 15നു രാവിലെ എട്ടിന് ഓണ്‍ലൈന്‍ രീതിയില്‍ ഓല സ്‌കൂട്ടര്‍ വില്‍പ്പന ആരംഭിക്കുമെന്ന് അഗര്‍വാള്‍ അറിയിച്ചു.

കൂടാതെ നിലവിലെ വാഹന റിസര്‍വേഷനും ക്യൂവിലെ സ്ഥാനവുമൊക്കെ മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യം ബുക്ക് ചെയ്തവര്‍ക്ക് ആദ്യം സ്‌കൂട്ടര്‍ വാങ്ങാന്‍ അവസരം ലഭിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. വാഹനം കൈമാറാനുള്ള തീയതികളിലും മാറ്റമില്ല. ഇ സ്‌കൂട്ടര്‍ അവതരണത്തിനു മുന്നോടിയായി ജൂലൈ മുതല്‍ തന്നെ ഓല പ്രീലോഞ്ച് ബുക്കിങ്ങിനു തുടക്കം കുറിച്ചിരുന്നു; ആദ്യ 24 മണിക്കൂറില്‍ ഒരു ലക്ഷത്തോളം പേരാണ് 499 രൂപ അഡ്വാന്‍ഡ് നല്‍കി ഇ സ്‌കൂട്ടര്‍ ബുക്ക് ചെയ്തത്. തുടര്‍ന്ന് ഇതിനോടകം  ആകെ എത്ര ബുക്കിങ് ലഭിച്ചെന്ന് ഓല വെളിപ്പെടുത്തിയിട്ടില്ല.

Read more topics: # ola, # ഒല,

Related Articles

© 2025 Financial Views. All Rights Reserved