
ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയിലും കുതിപ്പ് തുടരുന്നു. സ്വതന്ത്ര്യദിനത്തില്‍ ഒല പ്രഖ്യാപിച്ച ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പ്പന കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. എസ് 1, എസ് 1 പ്രോ എന്നിങ്ങനെ രണ്ടു മോഡലുകളാണ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 10 നിറഭേദങ്ങളില്‍ ലഭ്യമാകുന്ന സ്‌കൂട്ടറുകള്‍ക്കു വിപണികളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നു റിപ്പോര്‍ട്ടുകളില്‍ വ്യക്തമാണ്. വില്‍പ്പനയിലും റെക്കോഡാണ് ഒല കൈവരിച്ചിരിക്കുന്നത്.
ബുധനാഴ്ച വില്‍പ്പനയാരംഭിച്ച ഒല സ്‌കൂട്ടറുകള്‍ ഒറ്റ ദിവസം കൊണ്ട് 600 കോടി രൂപയുടെ വില്‍പ്പന കൈവരിച്ചതായി സിഇഒ ഭവിഷ് അഗര്‍വാള്‍ തന്നെയാണു ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. എസ് 1 പ്രോ മോഡലിനെ അപേക്ഷിച്ച് എസ് 1 മോഡലിനാണ് ആവശ്യക്കാരുള്ളത്. വിലയിലെ അന്തരം തന്നെയാണ് എസ് 1 നെ പ്രിയങ്കരമാക്കുന്നത്. എസ് 1 മോഡലിന് 99,999 രൂപയും എസ് 1 പ്രോ മോഡലിന് 1,29,999 രൂപയുമാണ് വില. റീട്ടെയില്‍ ഔട്ട്ലെറ്റുകളില്ലാതെ പൂര്‍ണമായും ഓണ്‍ലൈനിലൂടെ മാത്രമാണ് കമ്പനി ഇത്രയും വില്‍പ്പന കൈവരിച്ചതെന്നതും ശ്രദ്ധേയമാണ്. ഒല ആപ്പിലൂടെ മാത്രമാണ് ബുക്കിങ് സൗകര്യമുള്ളത്. അടുത്തമാസം മുതല്‍ സ്‌കൂട്ടറുകളുടെ വിതരണം ആരംഭിക്കും. ഇഎംഐ സൗകര്യത്തിനായി ധനകാര്യ സ്ഥാപനങ്ങളുമായി കരാറിലെത്തിയതുമായും ഭവിഷ് വ്യക്തമാക്കി.
സെക്കന്‍ഡില്‍ നാല് സ്‌കൂട്ടറുകളെന്ന നിലയിലാണ് നിലവില്‍ വില്‍പ്പന പുരോഗമിക്കുന്നതെന്നു കമ്പനി അവകാശപ്പെട്ടു. രാജ്യം പെട്രോളിനെ അവഗണിച്ചു തുടങ്ങിയതിന്റെ സൂചനയാണിതെന്നും ഭവിഷ് കൂട്ടച്ചേര്‍ത്തു. 20,000 രൂപയാണ് ഇരു മോഡലുകളുടേയും ബുക്കിങ് വില. ബുക്കിങ് റദ്ദാക്കുന്ന ഉപയോക്താക്കള്‍ക്കു മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ ആവശ്യകത നിറേവറ്റുന്നതിനു കമ്പനി ഉല്‍പ്പാദനം ഉയര്‍ത്തേണ്ട സാഹചര്യമാണുള്ളത്.
തമിഴനാട്ടില്‍ 500 ഏക്കറിലാണ് ഒലയുടെ ഫ്യൂച്ചര്‍ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. ഉല്‍പ്പാദനം വര്‍ധിക്കുന്ന ഘട്ടത്തില്‍ 10,000 സ്ത്രീകള്‍ക്കു കൂടി തൊഴില്‍ നല്‍കുമെന്നും ഇതോടെ ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനമായി ഫ്യൂച്ചര്‍ ഫാക്ടറി മാറുമെന്നും കമ്പനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വര്‍ഷത്തില്‍ 10 ലക്ഷം സ്‌കൂട്ടറുകളാകും ഈ പ്ലാന്റില്‍ നിര്‍മിക്കുക. ആവശ്യകത വര്‍ധിക്കുന്നതിനനുസരിച്ചു വാര്‍ഷിക ഉല്‍പ്പാദനം 20 ലക്ഷമായി ഉയര്‍ത്തും. ഒരു വര്‍ഷം ഒരു കോടി യൂണിറ്റ് സ്‌കൂട്ടറുകള്‍ വരെ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്. ലോകത്തെ മൊത്തം ഇരുചക്ര വാഹന നിര്‍മാണത്തിന്റെ 15 ശതമാനം വരുമിത്. വില്‍പ്പന വര്‍ധിച്ചുവരുന്ന സാചര്യത്തില്‍ ഉല്‍പ്പാദനശേഷി 100 ശതമാനവും കൈവരിക്കാന്‍ കമ്പനി നിര്‍ബന്ധിതമാകും.