ആത്മനിര്‍ഭര്‍ ഭാരത്: 10,000 സ്ത്രീകള്‍ക്കു തൊഴില്‍ വാഗ്ദാനം ചെയ്ത് ഒല

September 13, 2021 |
|
News

                  ആത്മനിര്‍ഭര്‍ ഭാരത്: 10,000 സ്ത്രീകള്‍ക്കു തൊഴില്‍ വാഗ്ദാനം ചെയ്ത് ഒല

തമിഴ്നാട്ടിലുള്ള നിര്‍മാണ പ്ലാന്റില്‍ 10,000 സ്ത്രീകള്‍ക്കു തൊഴില്‍ വാഗ്ദാനം ചെയ്ത് ഒല. ഒല ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്കു കീഴിലാണ് ഇത്രയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരതത്തിനു ആത്മാനിര്‍ഭര്‍ സ്ത്രീകളും ആവശ്യമാണെന്നും ഭവിഷ് പറഞ്ഞു. ഉല്‍പ്പാദനം വര്‍ധിക്കുന്ന ഘട്ടത്തില്‍ 10,000 ജീവനക്കാര്‍ക്കു കൂടി തൊഴില്‍ നല്‍കുമെന്നാണു വാഗ്ദാനം. ഇതോടെ ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനമായി ഇതു മാറും.

500 ഏക്കറിലാണ് തമിഴനാട്ടിലെ ഒലയുടെ നിര്‍മാണ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റ് തമിഴനാട്ടില്‍ ആരംഭിക്കുന്നതിനായി 2,400 കോടി രൂപയുടെ നിക്ഷേപമാണ് കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസമാണു കമ്പനിയുടെ രണ്ടു ഇലക്ട്രിക് മോഡല്‍ സ്‌കൂട്ടറുകള്‍ വിപണിയില്‍ അവതരിപ്പിച്ചത്. വര്‍ഷത്തില്‍ 10 ലക്ഷം സ്‌കൂട്ടറുകളാകും ഈ പ്ലാന്റില്‍ നിര്‍മിക്കുക. ആവശ്യകത വര്‍ധിക്കുന്നതിനനുസരിച്ചു വാര്‍ഷിക ഉല്‍പ്പാദനം 20 ലക്ഷമായി ഉയര്‍ത്തും. ഒരു വര്‍ഷം ഒരു കോടി യൂണിറ്റ് സ്‌കൂട്ടറുകള്‍ വരെ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്റിനുണ്ടെന്നു കമ്പനി വ്യക്തമാക്കി. ലോകത്തെ മൊത്തം ഇരുചക്ര വാഹന നിര്‍മാണത്തിന്റെ 15 ശതമാനം വരുമിത്.

സ്ത്രീകള്‍ക്കായി മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് അവരെ മുഖ്യധാരയിലേക്കു കൊണ്ടുവരികയാണു ലക്ഷ്യമെന്നു കമ്പനി വ്യക്തമാക്കി. ലോകത്തിന്റെ ഉല്‍പ്പാദന ഹബായി ഇന്ത്യയെ വളര്‍ത്തുന്നതിനു സ്ത്രീകള്‍ക്കു വലിയ പങ്കുവഹിക്കാനാകുമെന്നും അവരുടെ കഴിവുകള്‍ പരിപോക്ഷിപ്പിക്കേണ്ടതുണ്ടെന്നും ഭവിഷ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം കമ്പനി രണ്ടു ഇലക്ട്രിക് മോഡല്‍ സ്‌കൂട്ടറുകള്‍ വിപണികളില്‍ അവതരിപ്പിച്ചെങ്കിലും വില്‍പ്പന നീട്ടിവച്ചിരുന്നു. ഈ മാസം 15 മുതലാകും വില്‍പ്പന ആരംഭിക്കുക. വില്‍പ്പനയ്ക്കായുള്ള ഔദ്യോഗിക വെബ്സൈറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇതിനു കാരണം.

എസ് 1 മോഡലിന് 99,999 രൂപയും എസ് 1 പ്രോ മോഡലിന് 1,29,999 രൂപയുമാണ് വില. കേന്ദ്ര സര്‍ക്കാരിന്റെ ഫെയിം 2 സബ്സിഡികള്‍ ഉള്‍പ്പെടെയുള്ള എക്സ് ഷോറും വിലയാണിത്. അതേസമയം സംസ്ഥാന സര്‍ക്കാരുകളുടെ സബ്സിഡികള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. അടിസ്ഥാന വകഭേദത്തില്‍നിന്ന് വ്യത്യസ്തമായി എസ് 1 പ്രോയില്‍ വോയിസ് കണ്‍ട്രോള്‍, ഹില്‍ ഹോര്‍ഡ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയുണ്ട്. എസ് 1ന് 90 കിലോമീറ്റര്‍ വേഗത്തിലും എസ് 1 പ്രോയ്ക്ക് 115 കിലോമീറ്റര്‍ വേഗത്തിലും സഞ്ചരിക്കാനാകും. ഒറ്റചാര്‍ജില്‍ എസ് 1, 121 കിലോമീറ്റര്‍ സഞ്ചരിക്കുമ്പോള്‍ പ്രോ 181 കിലോമീറ്റര്‍ സഞ്ചരിക്കും. 8.5 കിലോവാട്ട് പവറും 58 എന്‍.എം. ടോര്‍ക്കുമമകുന്ന മോട്ടറുകളാണ് ഇരു മോഡലിലുമുള്ളത്. എന്നാല്‍ എസ് 1ല്‍ 2.98 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുമ്പോള്‍ എസ് 1 പ്രോയില്‍ 3.97 കിലോവാട്ട് ബാറ്ററിലയാണുള്ളത്. പത്ത് നിറങ്ങളില്‍ സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ക്കു ലഭ്യമാകും.

Read more topics: # ola, # ഒല,

Related Articles

© 2025 Financial Views. All Rights Reserved