ഒഎല്‍എക്സ് ഗ്രൂപ്പും എമേര്‍ജിംഗ് മാര്‍ക്കറ്റ്സ് പ്രോപ്പര്‍ട്ടി ഗ്രൂപ്പും ലയിക്കുന്നു

April 30, 2020 |
|
News

                  ഒഎല്‍എക്സ് ഗ്രൂപ്പും എമേര്‍ജിംഗ് മാര്‍ക്കറ്റ്സ് പ്രോപ്പര്‍ട്ടി ഗ്രൂപ്പും ലയിക്കുന്നു

ദുബായ്: പ്രമുഖ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലാറ്റ്ഫോമുകളായ എമേര്‍ജിംഗ് മാര്‍ക്കറ്റ്സ് പ്രോപ്പര്‍ട്ടി ഗ്രൂപ്പും (ഇഎംപിജി) ഒഎല്‍എക്സ് ഗ്രൂപ്പും യുഎഇ, പാക്കിസ്ഥാന്‍, ഈജിപ്ത്, ലെബനന്‍ എന്നീ രാജ്യങ്ങളിലെ ബിസിനസുകളില്‍ ലയനം പ്രഖ്യാപിച്ചു. മേഖലയിലെ പ്രോപ്പര്‍ട്ടി, ഓട്ടോമോട്ടീവ് വിഭാഗങ്ങളിലുള്ള ഉപഭോക്താക്കള്‍ക്ക് ലയനം നേട്ടമാകും. ലയനത്തിന്റെ ഭാഗമായി ഒഎല്‍എക്സ് ഇഎംപിജിയില്‍ 150 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുകയും ഈ നാല് രാജ്യങ്ങളിലും ഇഎംപിജി, ഒഎല്‍എക്സ് പവര്‍ത്തനങ്ങളുടെ ഭാഗമാകുകയും ചെയ്യും.

ഇടപാട് പൂര്‍ത്തിയാകുന്നതോടെ ഇഎംപിജിയുടെ വിപണി മൂല്യം 1 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് കരുതുന്നത്. ഇതോടെ 39 ശതമാനം ഉടമസ്ഥാവകാശവുമായി ഇഎംപിജിയിലെ ഏറ്റവും വലിയ ഓഹരിയുടമയായി ഒഎല്‍എക്സ് മാറും. ലോകമെമ്പാടുമുള്ള നൂറുകോടിയിലധികം വരുന്ന ഉപഭോക്താക്കള്‍ക്ക് പല വിപണികളിലുള്ള സേവനങ്ങള്‍ ലഭ്യമാക്കാനുള്ള യാത്രയിലെ നിര്‍ണായക ചുവടുവെപ്പാണ് ഒഎല്‍എക്സുമായുള്ള പങ്കാളിത്തമെന്ന് ഇഎംപിജി സഹ സ്ഥാപകനും സിഇഒയുമായ ഇമ്രാന്‍ അലി ഖാന്‍ പറഞ്ഞു.

നിലവില്‍ ജിസിസിയില്‍ ബൈഔട്ടുമായും പാക്കിസ്ഥാനില്‍ സമീനുമായും ബംഗ്ലാദേശില്‍ ബിപ്രോപ്പര്‍ട്ടിയുമായും മൊറോക്കോയിലും ടുണീഷ്യയിലും മുബാവാബുമായും തായ്ലന്‍ഡില്‍ കെയ്ദീയുമായും സഹകരിച്ചാണ് ഇഎംപിജി പ്രവര്‍ത്തിക്കുന്നത്. ഒഎല്‍എക്സുമായുള്ള ഇടപാട് പൂര്‍ത്തിയാകുന്നതോടെ ഈജിപ്തിലേക്കും ലെബനനിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സാധിക്കുമെന്ന് മാത്രമല്ല, പാക്കിസ്ഥാന്‍, സൗദി അറേബ്യ, ബഹ്റൈന്‍, കുവൈറ്റ്, ഖത്തര്‍, ഒമാന്‍ യുഎഇ എന്നിവിടങ്ങളിലെ ഒഎല്‍എക്സ് പ്ലാറ്റ്ഫോമുകളുടെ ഭാഗമാകാനും ഇഎംപിജിക്ക് സാധിക്കും.

മികച്ച ഉപഭോക്തൃപിന്തുണയുള്ള രണ്ട് ബ്രാന്‍ഡുകള്‍ എന്ന നിലയില്‍ നിലവിലെ സാങ്കേതികവിദ്യയും വിവരശേഖരണവും ശക്തമാക്കി മേഖലയിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ കുറിച്ചുള്ള വ്യക്തമായ ചിത്രം തയ്യാറാക്കാന്‍ ഒഎല്‍എക്സ്-ഇഎംപിജി ഇടപാട് സഹായകമാകുമെന്ന് ഇഎംപിജിയുടെ പശ്ചിമേഷ്യ വിഭാഗം മേധാവി ഹൈദര്‍ അലി ഖാന്‍ പറഞ്ഞു. പ്രോപ്പര്‍ട്ടി, ഓട്ടോമോട്ടീവ് ഉള്‍പ്പെടെയുള്ള മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കുകയെന്ന ലക്ഷ്യത്തോടെയുള്ള സാങ്കേതിക നിക്ഷേപങ്ങള്‍ ഒഎല്‍എക്സുമായി ചേര്‍ന്ന് നടത്തുമെന്നും അലി ഖാന്‍ പറഞ്ഞു.

ലയനത്തിന് ശേഷം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച അനുഭവങ്ങള്‍ ലഭ്യമാക്കുകയും ഡാറ്റാ സുതാര്യത മെച്ചപ്പെടുത്തുകയും ഉപഭോക്താക്കള്‍ക്കും ബിസിനസ് ഇടപാടുകാര്‍ക്കും വിപണി വൈഭവം മെച്ചപ്പെടുത്തുന്നതിന് വേണ്ട പുതിയ സേവനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുമെന്ന് ഇഎംപിജി അറിയിച്ചു. പാക്കിസ്ഥാനിലും യുഎഇയിലും ഇരുഗ്രൂപ്പുകളുടെയും പ്ലാറ്റ്ഫോമുകള്‍ ഇഎംപിജിയുടെ നിയന്ത്രണത്തിലായിരിക്കും. അതോടൊപ്പം പ്രാദേശിക ബ്രാന്‍ഡുകള്‍ മുഖേനയുള്ള പ്രവര്‍ത്തനം തുടരുകയും ചെയ്യും. ഈജിപ്തിലും ലെബനനിലും ഒഎല്‍എക്സ് പ്ലാറ്റ്ഫോമിന്റെ നടത്തിപ്പ് ഇഎംപിജി ഏറ്റെടുക്കും. ഇവിടെ റിയല്‍ എസ്റ്റേറ്റ് ഉപഭോക്താക്കള്‍ക്കായി പുതിയ സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്യും.

ഇഎംപിജിയിലെ ഏറ്റവും വലിയ ഓഹരിയുടമ എന്ന നിലയില്‍ അവരുടെ സേവനങ്ങള്‍ പുതിയ തലത്തിലേക്ക് ഉയര്‍ത്താനുള്ള അവസരമാണ് കമ്പനിക്ക് കൈവന്നിരിക്കുന്നതെന്ന് ഒഎല്‍എക്സ് ഗ്രൂപ്പ് സിഇഒ മാര്‍ട്ടിന്‍ ഷീപ്പ്ബൗവര്‍ പറഞ്ഞു. 'ഓരോ മാസവും കോടിക്കണക്കിന് ആളുകള്‍ക്ക് അവരുടെ സാധനങ്ങളും സേവനങ്ങളും കൈമാറ്റം ചെയ്യാന്‍ സഹായിക്കുന്ന സുപരിചിത ബ്രാന്‍ഡുകളാണ് ഒഎല്‍എക്സിന്റേത്. ഇഎംപിജിയുടെ റിയല്‍ എസ്റ്റേറ്റ് ഇന്‍ഡസ്ട്രി വിദഗ്ധരുമായി ചേര്‍ന്ന് ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുകയെന്നാണ് കമ്പനിയുടെ അടുത്ത ലക്ഷ്യം'.

Related Articles

© 2025 Financial Views. All Rights Reserved