കാര്‍ഗോ വിമാനങ്ങള്‍ ഒഴികെ യുകെയില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും ഒമാനില്‍ വിലക്ക്

March 19, 2021 |
|
News

                  കാര്‍ഗോ വിമാനങ്ങള്‍ ഒഴികെ യുകെയില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും ഒമാനില്‍ വിലക്ക്

മസ്‌കറ്റ്: കാര്‍ഗോ വിമാനങ്ങള്‍ ഒഴിച്ച് യുകെയില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ ഒമാന്‍ തീരുമാനിച്ചു. യുകെയില്‍ നിന്ന് വരുന്നവര്‍ക്കും യുകെ വഴി യാത്ര ചെയ്തവരോ ആയ യാത്രക്കാര്‍ക്ക് കഴിഞ്ഞ 14 ദിവസമായി ഒമാന്‍ സുല്‍ത്താനേറ്റിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്ന് പന്ത്രണ്ട് മണി മുതലാണ് വിമാനങ്ങള്‍ക്കുള്ള വിലക്ക് പ്രാബല്യത്തില്‍ വരിക. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഒമാന്‍ പൗരന്മാരെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഒമാന്‍ വാര്‍ത്ത ഏജന്‍സി അറിയിച്ചു.   

പകര്‍ച്ചവ്യാധിയില്‍ നിന്ന് ഒമാന്‍ നിവാസികളെയും സമൂഹത്തെയും സംരക്ഷിക്കാനും കോവിഡ്-19 കൈകാര്യം ചെയ്യുന്നതില്‍ ആരോഗ്യ മേഖലയുടെ ശേഷി ഉറപ്പുവരുത്താനുമായി മറ്റ് ചില തീരുമാനങ്ങളും ഒമാനിലെ പകര്‍ച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റി എടുത്തിട്ടുണ്ട്. മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ ഒന്ന് വരെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം 70 ശതമാനമാക്കി കുറയ്ക്കും.  ഏപ്രില്‍ മൂന്ന് വരെ സുല്‍ത്താനേറ്റിലെ എല്ലാ ഭരണമേഖലകളിലുമുള്ള വണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം രാത്രി എട്ട് മണി മുതല്‍ രാവിലെ അഞ്ച് മണി നിര്‍ത്തിവെക്കും. പെട്രോള്‍ പമ്പുകള്‍, ആരോഗ്യ സംവിധാനങ്ങള്‍, സ്വകാര്യ ഫാര്‍മസികള്‍, ടയര്‍ വില്‍പ്പന, റിപ്പയര്‍ കേന്ദ്രങ്ങള്‍, ഗതാഗതം, കാര്‍ഗോ, ചരക്കിറക്കല്‍ സേവനങ്ങള്‍, ഫാക്ടറികളുടെ പ്രവര്‍ത്തനം, ഹോം ഡെലിവറി, ഫുഡ് ഡെലിവറി, കഫേകള്‍, മൊബീല്‍ കഫേകള്‍, ലൈസന്‍സുള്ള വഴിയോര കച്ചവടം, ഹോട്ടലുകളിലെ ഗസ്റ്റ് ഓണ്‍ലി സര്‍വ്വീസ് എന്നിവയെ ഈ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.   

സുല്‍ത്താനേറ്റിലെ എല്ലാ വിലായത്തുകളിലും സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കാനും ബീച്ചുകളില്‍ വ്യക്തിഗത കായിക ഇനങ്ങളുടെ പരിശീലനം മാത്രം അനുവദിക്കാനും ബീച്ചുകളില്‍ ആളുകള്‍ ഒത്തുചേരുന്നത് തടയാനും സുപ്രീംകൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. ജോലിസ്ഥലങ്ങളിലും വീടുകളിലും പൊതു സ്ഥാലങ്ങളിലും കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഒരാവശ്യത്തിന് വേണ്ടിയും ജനങ്ങള്‍ ഒത്തുചേരരുതെന്നും സുപ്രീം കൗണ്‍സില്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യുകെ ഒമാനെയും ഖത്തറിനെയും യാത്രാ വിലക്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിലക്ക് ഇന്ന് നിലവില്‍ വരും. ഈ രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ക്കും പത്ത് ദിവസത്തിനിടെ ഈ രാജ്യങ്ങളിലൂടെ ചെയ്തവര്‍ക്കോ രാജ്യത്ത് പ്രവേശനം അനുവദിക്കില്ലെന്ന് ഇംഗ്ലണ്ടിലെ ഗതാഗത വകുപ്പ് അറിയിച്ചു. വിലക്കിന്റെ പശ്ചാത്തലത്തില്‍ ഒമാന്‍ എയര്‍ യുകെയിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചു. 24 മണിക്കൂറിനിടെ 577 പുതിയ കേസുകളും മൂന്ന് മരണവുമാണ് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത്.ഇതോടെ രാജ്യത്ത് കോവിഡ്-19 ബാധിച്ചവരുടെ എണ്ണം മൊത്തത്തില്‍ 149,135ഉം മരണസംഖ്യ 1,620ഉം ആയി.

Related Articles

© 2025 Financial Views. All Rights Reserved