
കൊച്ചി: സംസ്ഥാനത്ത് ഉള്ളിവിലയില്‍ നാല്പത് രൂപ കുറഞ്ഞു. ഇപ്പോള്‍ കിലോയ്ക്ക് നൂറുരൂപയാണ് വിലവരുംദിവസങ്ങളിലും ഉള്ളി വില കൂടുതല്‍ കുറയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. പൂനെയില്‍ നിന്ന് ഉള്ളിയുമായി കൂടുതല്‍ ചരക്കുലോറികള്‍ എത്തിയതാണ് സംസ്ഥാനത്തെ വിപണിയില്‍ വില കുറവിന് കാരണമെന്നാണ് വിലയിരുത്തല്‍. രണ്ട് ദിവസം കൊണ്ട് ഉള്ളിവില അറുപത് രൂപയിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. ഉള്ളിവില അനിയന്ത്രിതമായതോടെ ജനങ്ങള്‍ ദുരിതത്തിലാണ്. തുര്‍ക്കി,ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതി കൂടി ഉടന്‍ ആരംഭിച്ചാല്‍ ഉള്ളിവില പഴയ നിരക്കിലെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
സംസ്ഥാനത്ത് നാഫെഡ് വഴി ഉള്ളി സംഭരിച്ച് പ്രശ്‌നപരിഹാരത്തിന് കേരള സര്‍ക്കാരും ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആന്ധ്രയില്‍ ഉള്ളി സംഭരിച്ച് ജനങ്ങള്‍ക്ക് 25 രൂപ നിരക്കില്‍ ലഭ്യമാക്കാന്‍ ജഗ് മോഹന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നു. നൂറില്‍പരം ഔട്ട്‌ലെറ്റുകളാണ് ഉള്ളി വിതരണത്തിനായി സര്‍ക്കാര്‍ തുറന്നത്. നിലവില്‍ 160-140 രൂപയ്ക്ക് ഇടയിലാണ് രാജ്യത്തെ പ്രധാനവിപണികളില്‍ ഉള്ളി ലഭിക്കുന്നത്. വില രൂക്ഷമായതും ദൗര്‍ലഭ്യം നേരിട്ടതും കാരണം ഉള്ളിക്കൊള്ള വരെ വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.