
ലക്‌നൗ: ഇന്ത്യയെ അഞ്ചു ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ചുവടുവെപ്പില്‍ മികച്ച പിന്തുണയുമായി മലയാളിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫ് അലി രംഗത്തെത്തിയതിന് പിന്നാലെയാണ് ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍ ഫ്‌ളിപ്പ്കാര്‍ട്ടും പദ്ധതിയ്ക്ക് പൂര്‍ണ പിന്തുണയുമായി രംഗത്തത്തിയിരിക്കുന്നത്. ഇന്ത്യയുടെ വികസനത്തിന്റെ കേന്ദ്രം യുപി ആയിരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ 65000 കോടി രൂപയുടെ പദ്ധതികള്‍ അടക്കം ആരംഭിക്കുകയും അതിന്റെ രണ്ടാം ഘട്ട തറക്കല്ലിടീല്‍ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍വഹിക്കുകയും ചെയ്തിരുന്നു. ഈ വേളയിലാണ് യുപിയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഫ്‌ളിപ്പ്കാര്‍ട്ടും രംഗത്തെത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് ഉയര്‍ത്താന്‍ തങ്ങള്‍ ഒപ്പമുണ്ടാകുമെന്നും സംസ്ഥാനത്തെ ചെറുകിട സംരംഭങ്ങള്‍ അടക്കമുള്ളവയ്ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുമെന്നും ഫ്‌ളിപ്പ്കാാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി അറിയിച്ചു. സംസ്ഥാനം ഫ്‌ളിപ്പ്കാര്‍ട്ടിന് മുഖ്യമായ ഘടകമാണെന്നും കരകൗശല വസ്തുക്കള്‍ അടക്കമുള്ള ചെറുകിട വ്യവസായങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിപണിയില്‍ വേണ്ട എല്ലാ സഹായങ്ങളും അദ്ദേഹം ഉറപ്പ് നല്‍കി. 300 മില്യണ്‍ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വില്‍പനയുടെ അനുഭവം പകരുന്ന പദ്ധതിയും ഫ്‌ളിപ്പ്കാര്‍ട്ട് നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്.
ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാളിന്റെ നിര്‍മ്മാണം ലഖ്നൗവില്‍ പുരോഗമിക്കുന്നതിന് പിന്നാലെയാണ് നാലു പുതിയ മാളുകള്‍ കൂടി വരുമെന്ന് ലുലു ഗ്രൂപ്പ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ നിര്‍മ്മിക്കുന്ന മാളിന്റെ പണികള്‍ എഴുപത് ശതമാനം പൂര്‍ത്തിയായെന്നും 2020ല്‍ ഇത് പ്രവര്‍ത്തനം ആരംഭിക്കുമെന്നുമാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കിയിരിക്കുന്നത്.
യു.പി. നിക്ഷേപക സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാത്രമല്ല ഡല്‍ഹിക്ക് സമീപം സാഹിബാബാദില്‍ പുതിയ ഷോപ്പിങ് മാള്‍ പണിയുമെന്ന് ചടങ്ങില്‍ അദ്ദേഹം പ്രഖ്യാപിച്ചു. നിര്‍മാണത്തിലിരിക്കുന്ന ലഖ്‌നൗവിലെ മാള്‍, നേരത്തേ പ്രഖ്യാപിച്ച വാരാണസി, നോയിഡ മാളുകള്‍ എന്നിവയ്ക്കു പുറമേയാണിത്. ഓരോ മാളിനും ഏതാണ്ട് 2000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഓരോന്നും 5000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
ഷോപ്പിങ് മാളുകള്‍ക്ക് പുറമെ ഉത്തര്‍ പ്രദേശില്‍ വലിയ ഭക്ഷ്യസംസ്‌കരണ കേന്ദ്രം ആരംഭിക്കാനും ലുലു ഗ്രൂപ്പിന് പദ്ധതിയുണ്ട്. നിലവില്‍ ഇന്ത്യയില്‍ നിന്ന് 23ഓളം രാജ്യങ്ങളിലേയ്ക്ക് ലുലു ഗ്രൂപ്പ് പഴവര്‍ഗങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും കയറ്റിയയ്ക്കുന്നുണ്ട്. ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ വ്യവസായ സൗഹൃദനയം മൂലം ഗള്‍ഫ് മേഖലയില്‍ നിന്ന് ധാരാളം സംരംഭകര്‍ ഉത്തര്‍ പ്രദേശില്‍ നിക്ഷേപത്തിന് താത്പര്യം കാണിക്കുന്നുണ്ടെന്ന് യൂസഫലി പറഞ്ഞു. നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന സമീപനമാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേതെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശില്‍ 65000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തിരുന്നു. ചടങ്ങില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വാനോളം പുകഴ്ത്തിയ അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് വിഭാവനം ചെയ്യുന്ന 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയുടെ വാതില്‍ ഉത്തര്‍ പ്രദേശാണെന്ന് പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിനൊപ്പം കേന്ദ്ര സര്‍ക്കാരിനും ഉത്തര്‍ പ്രദേശിന്റെ വികസനത്തില്‍ തുല്യ പങ്കാളിത്തമുണ്ടെന്നും അമിത് ഷാ വിശദീകരിച്ചു. വികസനത്തിന് ഏറ്റവും അത്യാവശ്യമായ ക്രമസമാധാനം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കഴിഞ്ഞ രണ്ട് വര്‍ഷം ഉറപ്പാക്കിയിട്ടുണ്ടന്നും അമിത് ഷാ പറഞ്ഞു.
സംസ്ഥാനത്ത് നടപ്പാക്കുന്ന 65000 കോടി രൂപയുടെ വ്യവസായ പദ്ധതികള്‍ വഴി മൂന്ന് ലക്ഷത്തോളം യുവാക്കള്‍ക്ക് ജോലി ലഭിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കയറ്റുമതിയില്‍ 28 ശതമാനം വളര്‍ച്ചയാണ് നേടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 65000 കോടി രൂപ മുതല്‍മുടക്ക് വരുന്ന 250 പദ്ധതികളാണ് സര്‍ക്കാര്‍ ഉത്തര്‍ പ്രദേശില്‍ പ്രഖ്യാപിച്ചിരിക്കുന്നത് . പദ്ധതി നടപ്പിലാക്കുന്നത് വഴി യുപിയിലേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടു വരികയും ലോകത്തെ ഏറ്റവും വലിയ മൂന്ന് സമ്പദ് വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുന്നതില്‍ യുപിയ്ക്ക് മുഖ് പങ്ക് സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.